മോസ്കോ
ഹെയ്തി പ്രസിഡന്റ് ജൊവെനൽ മോയ്സ് സ്വന്തം വീട്ടിൽ വധിക്കപ്പെട്ടതിൽ അമേരിക്ക പ്രതികരിക്കാത്തതെന്തെന്ന് റഷ്യ. റഷ്യൻ വിദേശമന്ത്രാലയ വക്താവ് മരിയ സഖറോവയാണ് യുഎസിന്റെ ദുരൂഹ മൗനത്തിന്റെ കാരണം തേടിയത്. മോയ്സ് വധത്തിൽ അമേരിക്കൻ ഭീകരവിരുദ്ധ യൂണിറ്റിന്റെ (സിടിയു) പങ്ക് ചൂണ്ടിക്കാട്ടുകയായിരുന്നു അവർ.
ഇത്തരം സംഭവങ്ങളുണ്ടായാൽ ഉപരോധം, ജി 7 പ്രസ്താവന, അമേരിക്കൻ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം ഇവയെല്ലാം സാധാരണയാണ്. ഹെയ്തി സംഭവത്തിൽ അതൊന്നും ഉണ്ടായില്ല. പ്രതികളിൽ ചിലർ യുഎസ് നിയമപാലകരായിരുന്നെന്ന് അമേരിക്കൻ പത്രങ്ങൾതന്നെ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അമേരിക്കക്കാരുടെ പങ്ക് അന്വേഷിക്കാൻ ഔദ്യോഗികസംഘം ഹെയ്തിയിലേക്ക് പോയിരുന്നെന്നും മരിയ പറഞ്ഞു.
കൊലയാളി സംഘത്തിലെ അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ മുൻ ഹെയ്തി സെനറ്റർ, പുറത്താക്കപ്പെട്ട സർക്കാർ ഉന്നതൻ, അമേരിക്കൻ ഏജൻസികൾക്ക് വിവരം നൽകുന്നയാൾ എന്നിവരുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.