തിരുവനന്തപുരം > പരിസ്ഥിതി, തൊഴിലാളി സൗഹൃദ ഉത്തരവാദ നിക്ഷേപമാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഉത്തരവാദ നിക്ഷേപത്തിന് ലോകമെങ്ങും സ്വീകാര്യത ഏറുകയാണ്. കേരളവും കാലത്തിനൊപ്പം സഞ്ചരിക്കണം. പരമാവധി നിക്ഷേപം ആകര്ഷിക്കാനാണ് ശ്രമമെന്നും സിഐഐയും (കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രീസ്) ചെറുകിട വ്യവസായ അസോസിയേഷനും സംഘടിപ്പിച്ച വെര്ച്വല് സംവാദത്തില് അദ്ദേഹം പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസിനായുള്ള സര്ക്കാര് നടപടി മികച്ച ഫലമുണ്ടാക്കിയെന്നും നിക്ഷേപ പ്രോത്സാഹനത്തിന് പൂര്ണ പിന്തുണയുണ്ടാകുമെന്നും സിഐഐയും ചെറുകിട വ്യവസായ അസോസിയേഷനും വ്യക്തമാക്കി. ഗെയില് പൈപ്പ്ലൈന്, കേരള ബാങ്ക്, കിഫ്ബി തുടങ്ങിയവ സര്ക്കാരിന്റെ നിശ്ചയദാര്ഢ്യത്തിന് ഉദാഹരണമാണെന്ന് സിഐഐ കേരള ചെയര്മാന് ശ്രീനാഥ് വിഷ്ണു പറഞ്ഞു.
വലിയ പദ്ധതികള്ക്ക് ഭൂപരിധി ഒഴിവാക്കുക, ജില്ലാ വികസന പദ്ധതി രൂപീകരിക്കുക, അക്കാദമിക് സ്ഥാപനങ്ങളും ഗവേഷണവും വ്യവസായവുമായി ബന്ധിപ്പിക്കുക, ഉല്പ്പന്ന ഗുണനിലവാര പരിശോധനയ്ക്ക് പൊതുസംവിധാനം ഏര്പ്പെടുത്തുക എന്നീ ആവശ്യങ്ങള് വ്യവസായികള് ഉന്നയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള് അസംസ്കൃത വസ്തുക്കളും സാധനങ്ങളും വാങ്ങുമ്പോള് ചെറുകിട വ്യവസായ ഉല്പ്പന്നങ്ങള്ക്ക് മുന്ഗണന നല്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന് ആവശ്യപ്പെട്ടു. നിര്ബന്ധമല്ലാത്തതും അനാവശ്യവുമായ ലൈസന്സുകള് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി മറുപടി നല്കി. വ്യവസായ പ്രിന്സിപ്പല് സെക്രട്ടറി ഡോ. കെ ഇളങ്കോവന്, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് എം ഖാലിദ് എന്നിവര് പങ്കെടുത്തു.