ന്യൂഡൽഹി
രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു. ജൂണിലെ പണപ്പെരുപ്പ നിരക്ക് 12.07 ശതമാനമാണ്. ജനുവരിമുതൽ വിലക്കയറ്റ തോത് ഉയർന്നുതുടങ്ങിയിരുന്നു. 2011–-12 അടിസ്ഥാന വർഷമായി വിലക്കയറ്റ തോത് കണക്കാക്കാൻ തുടങ്ങിയശേഷം കഴിഞ്ഞ ഏപ്രിലിലാണ് പണപ്പെരുപ്പം ആദ്യമായി രണ്ടക്കം കടന്നത്. മൂന്ന് മാസമായി പണപ്പെരുപ്പം രണ്ടക്കത്തിൽ തുടരുകയാണ്. അനിയന്ത്രിത ഇന്ധനവിലയാണ് വിലക്കയറ്റ തോത് കുത്തനെ ഉയർത്തിയത്.
ഇന്ധന–- ഊർജ മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് ജൂണിലെ വിലക്കയറ്റം 32.83 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.1 ശതമാനവും നിർമിത ഉൽപ്പന്നങ്ങളുടേത് 10.88ഉം പ്രാഥമിക ഉൽപ്പന്നങ്ങളുടേത് 7.79 ശതമാനവുമാണ്. പെട്രോൾ വിലക്കയറ്റം 59.95 ശതമാനവും ഡീസൽ വിലക്കയറ്റം 59.92ഉം എൽപിജി വിലക്കയറ്റം 31.44ഉം ക്രൂഡ് പെട്രോൾ വിലക്കയറ്റം 62.63 ശതമാനവുമാണ്. സവാളവിലയിൽ 64.32ഉം പരിപ്പുവർഗങ്ങളുടെ വിലയിൽ 11.49ഉം മുട്ട–- മാംസം–- മീൻ വിലയിൽ 8.59 ശതമാനവും വർധനയുണ്ട്.