തൃശൂർ > കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബ്ബിലായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യൽ. ബിജെപി നേതൃത്വത്തിന്റെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയാണ് കുഴൽപ്പണക്കടത്തെന്നാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. കെ സുരേന്ദ്രനെ ചോദ്യം ചെയ്തതോടെ ഇതിന് കൂടുതൽ വ്യക്തത ലഭിച്ചു. നൂറിൽപ്പരം ചോദ്യങ്ങളാണ് പ്രത്യേക അന്വേഷകസംഘം തയ്യാറാക്കിയത്. നിർണായകമായ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാനാവാതെ സുരേന്ദ്രൻ ‘വെള്ളംകുടിച്ചു’.
ബുധനാഴ്ച രാവിലെ 10.45ഓടെയാണ് മറ്റുനേതാക്കൾക്കൊപ്പം സുരേന്ദ്രൻ അന്വേഷകസംഘത്തിനു മുന്നിൽ ഹാജരായത്. കുഴൽപ്പണം കടത്തിയ ധർമരാജനെ അറിയാമെന്ന് സുരേന്ദ്രൻ സമ്മതിച്ചു. ധർമരാജനുമായി ആർഎസ്എസ് ബന്ധമാണുള്ളത്. എന്നാൽ പണമിടപാട് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ കവർച്ച നടന്ന ഏപ്രിൽ മൂന്നിന് പുലർച്ചെ ധർമരാജൻ വിളിച്ച കോൾലിസ്റ്റിന്റെ ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ കുടുങ്ങി. സംഭവദിവസം പുലർച്ചെ സുരേന്ദ്രന്റെ മകനുമായി 22 സെക്കന്റ് ധർമരാജൻ സംസാരിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ പിഎയും ഡ്രൈവറും പലതവണ വിളിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയും സുരേന്ദ്രനെതിരാണ്. പ്രതികളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും നിരത്തിയതോടെ സുരേന്ദ്രന് മറുപടി പറയാൻ കഴിയാത്ത സ്ഥിതിയായി. വാദിയുടെ കോൾലിസ്റ്റനുസരിച്ച് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ആക്ഷേപിക്കുകയാണെന്ന സുരേന്ദ്രന്റെ വാദവും ഇതോടെ പൊളിഞ്ഞു.
ചോദ്യംചെയ്യൽ പൂർണമായും റെക്കൊഡ് ചെയ്തിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പൊലീസ് ക്ലബ്ബിൽ ഏർപ്പെടുത്തിയിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ള പണമാണ് കവർച്ച ചെയ്തതെന്നാണ് അന്വേഷണറിപ്പോർട്ട്. ധർമരാജൻ കുഴൽപ്പണ ഇടപാടുകാരനാണെന്നും കണ്ടെത്തി. ധർമരാജന്റെ കോൾ ലിസ്റ്റ് പ്രകാരം ജില്ലാ പ്രസിഡന്റുമുതൽ സംസ്ഥാന സംഘടനാ സെക്രട്ടറിവരെയുള്ള 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കെ സുരേന്ദ്രനെയും വിളിപ്പിച്ചത്. ഈ വിവരങ്ങൾ സഹിതം കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.