തിരുവനന്തപുരം:സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾക്കെതിരേ നടത്തിയ ഉപവാസത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സ്ത്രീധനത്തിനും അതുമായി ബന്ധപ്പെട്ട സാമൂഹികതിന്മകൾക്കുമെതിരേ ശക്തമായ സന്ദേശമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയിരിക്കുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലനും പ്രസ്താവനയിൽ പറഞ്ഞു.
ഗവർണറുടെ ഉപവാസം സർക്കാരിനെതിരേയാണെന്ന പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കവേയാണ് ഉപവാസത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്. ഉപവാസം സർക്കാരിനെതിരേയാണെന്ന പ്രചാരണം ശരിയല്ല. സ്ത്രീകൾക്കുനേരേയുള്ള അതിക്രമത്തിനെതിരേ ബോധവത്കരണമാണ് ലക്ഷ്യമിട്ടതെന്നും ഗവർണർ പറഞ്ഞു.
സ്ത്രീധനത്തിനും അതുമായി ബന്ധപ്പെട്ട സാമൂഹികതിന്മകൾക്കുമെതിരേ ശക്തമായ സന്ദേശമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയിരിക്കുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലൻപ്രസ്താവനയിൽ പറഞ്ഞു. ഗവർണറുടെ നടപടി മാതൃകാപരമാണ്. അത് സംസ്ഥാനസർക്കാരിനെതിരല്ല. സർക്കാരിനെക്കുറിച്ച് അദ്ദേഹത്തിനു നല്ല അഭിപ്രായമാണുള്ളത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമത്തോട് പൊതുസമൂഹം യോജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായി ഗവർണർക്കു ഉപവസിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയുടെ തകർച്ചയാണെണ് സൂചിപ്പിക്കുന്നതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉപവാസമനുഷ്ഠിച്ച ഗവർണറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. നിയമനിർമാണത്തിനുപരിയായി സ്ത്രീധനത്തിനെതിരായി ചിന്തിക്കുന്ന ജനത ഇവിടെയുണ്ടാകണം. സർവകലാശാലകൾ ബിരുദദാനത്തിനു മുമ്പ്വിദ്യാർഥികളെക്കൊണ്ട് സ്ത്രീധനമുക്തപ്രതിജ്ഞ ചെയ്യിക്കണം. ചാൻസലർ കൂടിയായ ഗവർണർക്ക് അതിനുകഴിയുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlights:Governor Arif Mohammed Khan responds on hunger strike against dowry