ന്യൂഡൽഹി
കേന്ദ്ര റോഡ് ഗതാഗത -ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു
രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഘടിത–- വിദ്വേഷ ശക്തികൾക്കെതിരായി ധീരമായി നിലകൊള്ളുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരെയും ഉൾക്കൊള്ളുന്ന ബദൽ നയങ്ങൾ രാജ്യത്തിന് മുമ്പാകെവയ്ക്കുന്ന ഇടതുപക്ഷം കേരളം ഭരിക്കുന്നത് വിദ്വേഷശക്തികൾക്ക് സഹിക്കാവുന്നതല്ല. അതിനാൽ എതിരാളികളും നിക്ഷിപ്ത താൽപ്പര്യക്കാരും അതിനെതിരായ ദുഷ്പ്രചാരണങ്ങൾ തുടരുമെന്നും സിപിഐ എം ഡൽഹി ഘടകം ഒരുക്കിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ചരിത്രവിജയമാണ് ഇടതുപക്ഷം നേടിയത്. എൽഡിഎഫ് നടപ്പാക്കിയ പദ്ധതികൾക്കും പരിപാടികൾക്കുമുള്ള ഈ അംഗീകാരം ജനങ്ങളുടെ ജയം കൂടിയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജനവിരുദ്ധതയുടേതുമായ രാഷ്ട്രീയത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ജനങ്ങൾ പ്രഖ്യാപിച്ചു.
900 പരിപാടിയുള്ള പ്രകടനപത്രിക മുൻനിർത്തി ആദ്യ മന്ത്രിസഭായോഗംതന്നെ അമ്പതിന പരിപാടിയുടെ മാർഗരേഖയ്ക്ക് രൂപം നൽകി. അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പ്രധാനം. 25വർഷംകൊണ്ട് വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തും. കോവിഡ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ജനങ്ങളോടുള്ള കടമ നിറവേറ്റും–- മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ സർക്കാർ അഞ്ചുവർഷം നടപ്പാക്കിയ വികസന–- ജനക്ഷേമ പ്രവർത്തനങ്ങൾക്കും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഭരണത്തിനും ജനംനൽകിയ അംഗീകാരമാണ് തുടർഭരണമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പിബി അംഗം ബൃന്ദ കാരാട്ട് സന്നിഹിതയായി. ഡൽഹി സെക്രട്ടറി കെ എം തിവാരി അധ്യക്ഷനായി. വർഗബഹുജന സംഘടനാ പ്രതിനിധികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഡൽഹി കലാപത്തിന് ഇരയായവരും, കേരളം നൽകിയ സഹായത്തിനും പിന്തുണയ്ക്കും മുഖ്യമന്ത്രിക്ക് നന്ദി പറയാനെത്തി.