ന്യൂഡൽഹി
ബിജെപി അടക്കം വിവിധ രാഷ്ട്രീയ പാർടികളുടെ തെരഞ്ഞെടുപ്പ് ഉപദേശകനായിരുന്ന പ്രശാന്ത് കിഷോർ കോൺഗ്രസിൽ ഉന്നത പദവിയിൽ ചുമതലയേൽക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തി. രാഹുലിന്റെ വസതിയിൽ നടന്ന ചർച്ചയിൽ സംഘടനയിൽ പ്രശാന്ത് കിഷോറിന്റെ പദവിയും ചർച്ചയായി.
യുപിയും പഞ്ചാബും അടക്കം അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ് പ്രശാന്ത് കിഷോറിനെ ഉപയോഗിക്കാൻ കോൺഗ്രസ് ശ്രമം.2011ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ഉപദേശകനായാണ് പ്രശാന്ത് കിഷോറിന്റെ തുടക്കം. 2012ൽ ഗുജറാത്തിൽ മോഡി മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെടാൻ സഹായിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മോഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകി. ‘സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ്’ രൂപീകരിച്ച് മോഡിക്കായി വിവിധ പ്രചാരണ പരിപാടി തയ്യാറാക്കി. 2015ൽ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനായി പ്രവർത്തിച്ചു. വൈഎസ്ആർസിപി, എഎപി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങി വിവിധ കക്ഷികളെ സഹായിച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ബംഗാൾ, തമിഴ്നാട് നിയമസഭാ ഫലങ്ങൾ വന്നശേഷം പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു.