കൊച്ചി > മഠത്തിൽ താമസിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വയം വാദിച്ചു. ബുധനാഴ്ച ജസ്റ്റിസ് രാജ വിജയരാഘവന്റെ ബഞ്ചിലാണ് കേസ് പരിഗണിച്ചത്. കേസ് വിധിപറയാൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. തനിക്കുവേണ്ടി അഭിഭാഷകർ ആരും ഹാജരാകാതെ വന്നതിനാലാണ് സിസ്റ്റർ ലൂസി സ്വയം കേസ് വാദിക്കാൻ തീരുമാനിച്ചത്.
25 വർഷമായി സന്യാസിനിയായി തുടരുന്ന തനിയ്ക്ക് സേവനം പൂർത്തിയാക്കാൻ അനുവദിയ്ക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര വാദിച്ചു. പോകാൻ മറ്റൊരു സ്ഥലവുമില്ല, പൊലീസ് സുരക്ഷയില്ലെങ്കിലും മുന്നോട്ടുപോകും. സിവിൽ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കേസിൽ അന്തിമവിധിയുണ്ടാവുന്നതുവരെ മഠത്തിൽ കഴിയാൻ അനുവദിയ്ക്കണമെന്നും ലൂസി വാദിച്ചു.
വത്തിക്കാനിൽ നിന്നുള്ള ഉത്തരവനുസരിച്ച് ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തങ്ങാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഠത്തിനുള്ളിൽ താമസിയ്ക്കുമ്പോൾ സുരക്ഷ നൽകാനാവില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നൽകാൻ പൊലീസിന് നിർദ്ദേശം നൽകാമെന്ന് കോടതി പറഞ്ഞു. മഠത്തിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ രണ്ട് അപ്പീലുകളും വത്തിയ്ക്കാൻ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സഭാ ചട്ടങ്ങളനുസരിച്ച് മൂന്നാമത് അപ്പീലും വ്യവസ്ഥയുണ്ട്. ഇതിനുള്ള അവസരം നൽകണമെന്നും സിസ്റ്റർ ലൂസി വാദിച്ചു.