തിരുവനന്തപുരം > എസ്എസ്എൽസി പരീക്ഷയിൽ ചരിത്രവിജയം നേടിയ വിദ്യാർഥികൾക്ക് ആശംസയുമായി മുഖ്യമന്ത്രി. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.
ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് കരുത്തു പകർന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ജീവിത വിജയാശംസകൾ ‐ മുഖ്യമന്ത്രി പറഞ്ഞു.