തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായാണ് ചുമതല. കോവിഡ് പ്രതിരോധത്തിൽ പ്രധാന പങ്കുവഹിച്ച അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയത് ചർച്ചയാവുകയാണ്.
കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീൽ അഞ്ചുവർഷത്തെ ഡെപ്യൂട്ടേഷൻ അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് തൽസ്ഥാനത്തുനിന്ന് മാറിയത്. ഡെപ്യൂട്ടേഷൻ റദ്ദാക്കുന്നു എന്നായിരുന്നു സാമൂഹിക നീതി വകുപ്പിന്റെ ആദ്യ ഉത്തരവ്. മാതൃവകുപ്പിലേക്ക് മടങ്ങണമെന്ന അഷീലിന്റെ അപേക്ഷ അനുസരിച്ചാണ് മാറ്റമെന്ന് അടുത്തദിവസം പുതിയ ഉത്തരവിറക്കി. ഇന്നലെ ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അഷീലിനെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായി നിയമിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധത്തിലും അതിനായുള്ള പ്രചരണങ്ങളിലും ബുദ്ധികേന്ദ്രമായി പ്രവർത്തിച്ച ഒരാൾ അഷീൽ ആയിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന അഷീൽ, കോവിഡിൽ സർക്കാർ വിമർശനം നേരിട്ടപ്പോൾ എല്ലാം ടിവി ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രതിരോധിക്കാൻ സജീവമായിരുന്നു.
ഭരണത്തുടർച്ചയിൽ ശൈലജയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതു പോലെ അഷീലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതും ചർച്ചയാവുകയാണ്. ശൈലജയുമായി അടുത്തബന്ധമുണ്ടായിരുന്ന ജെൻഡർ പാർക്ക് സിഇഒ മുഹമ്മദ് സുനീഷിനെ കഴിഞ്ഞദിവസം അംഗൻവാടി ക്ഷേമനിധി ബോർഡിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും മാറ്റങ്ങൾക്കു പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ഇടപെടലുണ്ടെന്ന ആക്ഷേപം ശക്തമാണ്.
content highlights:dr muhammed asheel apppinted as casuality medical officer at payyannur taluk hospital