തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൽ തൃശ്ശൂർ പോലീസ് ക്ലബ്ബിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായതിന് ശേഷം മാധ്യമങ്ങളോേട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കുറേ കാര്യങ്ങൾ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും പരാതിക്കാരന്റെ കോൾ ലിസ്റ്റൽ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുമാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.
അന്വേഷണത്തെക്കുറിച്ച് പോലീസിന് തന്നെ വ്യക്തതയില്ല,വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസിൽ ഒരു തരത്തിലും പാർട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാൻമാർ ചെയ്യിക്കുന്നതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.പോലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.
പലതരത്തിൽ പ്രതിക്കൂട്ടിലായ സ്വർണക്കടത്തിലും ഡോളർക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ ഒരു സർക്കാർ ബിജെപിയെ അപമാനിക്കാൻ വേണ്ടി ചോദ്യം ചെയ്യൽ നാടകങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ബിജെപി അധ്യക്ഷൻ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.