കാസർകോട്: ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപിയുടെ നീക്കം.ചില കാസർകോടൻ ഗ്രാമങ്ങളുടെ നേരത്തെ മാറ്റിയ പേരുകൾ പഴയപടിയാക്കണമെന്ന പ്രചാരണമാണ് ബിജെപി പരസ്യമായി ഉന്നയിക്കുന്നത്. കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ കേരള സർക്കാർ ശ്രമിക്കുന്നുവെന്ന പ്രചാരണം പാളിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.
പ്രത്യേക കാരണങ്ങൾകൊണ്ട് സർക്കാർ നേരത്തെ വിജ്ഞാപനമിറക്കി മാറ്റിയ പേരുകൾ പുനഃസ്ഥാപിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അറബിഭാഷയിലുള്ള പേരുകൾ മാറ്റണമെന്ന് കഴിഞ്ഞ ദിവസം കാസർകോടു ചേർന്ന ബിജെപി ജില്ലാകമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ജില്ലയിലെ പത്തോളം അതിർത്തിഗ്രാമങ്ങളുടെ പേരുകൾ മാറ്റാൻ കേരള സർക്കാർ നടപടി തുടങ്ങിയെന്ന് നേരത്തെ ചില കന്നഡ സംഘടനകൾ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയടക്കമുള്ളവർ തള്ളിയിരുന്നു. ആലോചനയിൽ പോലുമില്ലാത്ത കാര്യമാണ് ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതെന്ന പ്രതികരണത്തിന് പിന്നാലെയാണ് നേരത്തെ മാറ്റിയ പേരുകൾ തിരിച്ചു നൽകണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയത്.
Content Highlight: BJP demand renaming old name of Kasaragod villages















