തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിലെ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹാജരായി. തൃശ്ശൂർ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് രാഷ്ട്രീയനാടകമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരാതിക്കാരന്റെ സി.ഡി.ആർ. പരിശോധിച്ച് ആളുകളെ വിളിച്ചുവരുത്തുന്നത്. ഇത് പാർട്ടിയെ അപമാനിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യം സംരക്ഷിക്കാൻ പോലീസ് നടത്തുന്ന ശ്രമമാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതികളെ ആരൊക്കെ വിളിച്ചു, പ്രതികളുമായി ആരൊക്കെ ബന്ധം പുലർത്തി എന്ന കാര്യങ്ങളൊന്നും പോലീസ് അന്വേഷിക്കുന്നതേയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അന്വേഷിക്കുന്നത് പരാതിക്കാരൻ ആരെ വിളിച്ചു എന്നാണ്. അത് വിചിത്രമായ അന്വേഷണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങളിലും വ്യാപാരികളുടെ കടതുറക്കൽ വിഷയത്തിലും സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരായി പ്രതിഷേധിച്ച് വിവിധ ഗാന്ധിയൻ സംഘടനകൾ നടത്തുന്ന നിരാഹാരസമരത്തിൽ ഗവർണർ പങ്കെടുക്കുന്നു എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. യഥാർഥത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്. നിരവധി സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും കൊച്ചുകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്ന നടപടികളുമാണ് സംസ്ഥാനത്തുണ്ടാകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ദേശീയതലത്തിൽ തന്നെ ഇത് ശ്രദ്ധ നേടിയിരിക്കുകയാണ്. ഗവർണറുടെ ഇന്നത്തെ സമരം കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വീഴ്ചയ്ക്കെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ്. ഗവർണറുടെ സമരത്തിന് ബിജെപി പൂർണമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ വ്യാപാരി വ്യവസായികളും മനുഷ്യരാണ്. ജീവിക്കാൻ വേണ്ടിയാണ് അവർ കച്ചവടം ചെയ്യുന്നത്. ലക്ഷക്കണക്കിന് വരുന്ന വ്യാപാരികൾ കട തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അവർ കട തുറക്കുമെന്ന് പറഞ്ഞപ്പോൾ കാണിച്ചുതരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണിത്. ജീവിക്കാൻ മറ്റൊരു വഴിയുമില്ലാത്ത വ്യാപാരികളാണ് കട തുറക്കാൻ പരിശ്രമിക്കുന്നത്. അതിന് അവരെ സഹായിക്കുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ്. കേരളത്തിന്റെ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് ഐ.എം.എ. അടക്കം എല്ലാ വിദഗ്ധരും പറഞ്ഞിട്ടുള്ളതാണ്. കട കുറച്ചുസമയം കൂടുതൽ തുറന്നുവെച്ചാൽ തിരക്കു കുറയുകയും ആളുകൾക്ക് സാധനം വാങ്ങാൻ പോവാൻ സാധിക്കുകയും വ്യാപാരികളുടെ കാര്യം നടക്കുകയും ചെയ്യും. വ്യാപാരികളെ ഭീഷണിപ്പെടുത്തിയ നടപടി ശരിയായില്ല. വ്യാപാരികൾ കടതുറക്കാൻ തീരുമാനിച്ചാൽ അവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കും-സുരേന്ദ്രൻ പറഞ്ഞു.
content highlights:k surendran appears before police over kodakara black money case