കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ചർച്ച.
കോഴിക്കോട് കളക്ടറേറ്റിൽ വെച്ച് ഇന്ന് 12 മണിക്ക് വ്യാപാരികളുമായി ചർച്ച നടത്തും. മന്ത്രി എ.കെ.ശശീന്ദ്രൻ, കോഴിക്കോട് ജില്ലാ കളക്ടർ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
വെല്ലുവിളിച്ച് വ്യാപാരികൾ സമരരംഗത്തേക്ക് വരുന്നത് ശരിയല്ല. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമായത്. മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മദ് കോയയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സമരം നടന്നുവരികയാണ്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് വി.കെ.സി.മമ്മദ് കോയ പറഞ്ഞു. സർക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. വ്യാപാരികളുടെ പ്രശ്നം സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരികൾക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവന വ്യാപക വിമർശത്തിനിടയാക്കിയിരുന്നു. യുഡിഎഫും ബിജെപിയും വ്യാപാരികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സർക്കാർ വ്യാപാരികളെചർച്ചയ്ക്ക് വിളിച്ചത്.