തലശേരി> തമിഴ്നാട് സ്വദേശിയായ നാൽപ്പതുകാരിയെ പഴനിയിലെ ലോഡ്ജിൽ പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവിലേക്ക്. പരാതി കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ലോഡ്ജ് പരിസരത്തെ സിസിടിവിയിലോ മെഡിക്കൽ റിപ്പോർട്ടിലോ പീഡനം നടന്നതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദിണ്ഡിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു.
രണ്ടുപേരും ചേർന്ന് മുറിയിൽ മദ്യപിച്ച് വാക്കേറ്റമുണ്ടായതായും പുറത്തേക്ക് ഇറങ്ങിപ്പോയതായും ലോഡ്ജ് ഉടമ മൊഴി നൽകിയിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങളിലും അവ്യക്തതയുണ്ട്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും പരിശോധിക്കും. മെഡിക്കൽ റിപ്പോർട്ടിൽ കാര്യമായ പരിക്കുകളില്ലെന്നും ഡിഐജി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം ചൊവ്വാഴ്ച തലശേരിയിലെത്തി യുവതിയെയും പരാതിക്കാരനായ രണ്ടാം ഭർത്താവിനെയും ആറുമണിക്കൂറിലേറെ ചോദ്യംചെയ്തു. ഒരുമിച്ചും പ്രത്യേകമായും ചോദ്യംചെയ്തപ്പോഴും മൊഴികൾ പരസ്പരവിരുദ്ധമാണ്. പഴനി ഡിഎസ്പി ചന്ദ്രൻ, സിഐ കവിത, സ്പെഷ്യൽ പൊലീസ് എസ്ഐ വിശ്വനാഥൻ എന്നിവരുൾപ്പെട്ട ഒമ്പതംഗ സംഘമാണ് തലശേരിയിലെത്തിയത്. തലശേരി എസിപി മൂസ വള്ളിക്കാടനുമായി ഇവർ ചർച്ച നടത്തി.
ജൂൺ 19നാണ് രണ്ടുപേരും ലോഡ്ജിൽ മുറിയെടുത്തത്. പിറ്റേ ദിവസം പുറത്തിറങ്ങിയപ്പോൾ യുവതിയെ മൂന്നുപേർ ചേർന്ന് ബലമായി ലോഡ്ജിൽ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. തലശേരി പൊലീസാണ് കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തിയത്. പരാതി നൽകാൻ വൈകിയതും മൊഴിയിലെ വൈരുധ്യവും ആദ്യം മുതലേ സംശയത്തിനിടയാക്കിയിരുന്നു. തലശേരിയിലെ ക്വാർട്ടേഴ്സിൽ ഒന്നിച്ചുതാമസിക്കുന്ന രണ്ടാം ഭർത്താവിനൊപ്പമാണ് യുവതി പഴനിയിലെത്തിയത്.
ആദ്യഭർത്താവ് മരിച്ചതായാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടും മജിസ്ട്രേട്ട് മുമ്പാകെ നൽകിയ മൊഴിയും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ മുഖേന ദിണ്ഡിഗൽ എസ്പിക്ക് കൈമാറും. തമിഴ്നാട് പൊലീസ് സംഘം തലശേരിയിൽ തങ്ങുന്നുണ്ട്. ലോഡ്ജ് ഉടമയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഇവർക്കെതിരെ കേസുണ്ട്. ആവശ്യമെങ്കിൽ രണ്ടുപേരെയും കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.