മാസ്റ്റർചെഫ് ഓസ്‌ട്രേലിയ 13-)o വിജയി -ജസ്റ്റിൻ നാരായണൻ- ആരാണ്?
വൈവിധ്യവും അഭിനിവേശവും കൊണ്ട് ജസ്റ്റിൻ നാരായണൻ നിരന്തരം വിധികർത്താക്കളെ അമ്പരപ്പിക്കുകയും, ആകർഷിക്കുകയും ചെയ്തു പോന്നിരുന്നു. മാസ്റ്റർചെഫ് ഓസ്‌ട്രേലിയ നേടിയ ഏറ്റവും പ്രിയങ്കരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഗഗ്ഗൻ ആനന്ദ്, ഗോർഡൻ റാംസെ എന്നിവരെപ്പോലുള്ള ലോകോത്തര പാചകക്കാരെപോലെ സാമ്യമുള്ളതായി ജസ്റ്റിൻ നാരായണനെ അടയാളപ്പെടുത്താമെങ്കിലും, പക്ഷേ പ്രചോദനത്തിനായി സ്വന്തം കുടുംബത്തേക്കാൾ കൂടുതലായൊന്നും നോക്കേണ്ടതില്ല എന്നാണു അദ്ദേഹം തന്നെ സ്വയം സാക്ഷ്യപ്പെടുത്തുന്നത്.
ഓസ്‌ട്രേലിയയിൽ ജനിച്ച ആദ്യ തലമുറയെന്ന നിലയിൽ, ജസ്റ്റിന്റെ ഫിജിയൻ, ഇന്ത്യൻ പൈതൃകമാണ് എല്ലായ്പ്പോഴും കേന്ദ്രീകൃതമായി പാചകകാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് . അവന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒന്നാണ് അവന്റെ മാതാവ് (മമ്മ). തനിക്കറിയാവുന്ന ഏറ്റവും മികച്ച പാചകക്കാരിയാണ് അമ്മ എന്നാണ് ജസ്റ്റിൻ പറയുന്നത്.
മൂന്ന് സഹോദരങ്ങളിൽ മൂത്തവനായ ജസ്റ്റിൻ എല്ലായ്പ്പോഴും തന്റെ *പാട്ടിയുമായും (*മുത്തശ്ശി) **ടാറ്റയുമായും (**മുത്തച്ഛൻ) അടുപ്പത്തിലായിരുന്നു.
ഒരുമിച്ച് പാചക ഷോകൾ കാണുകയും അവർക്ക് പാചകം ചെയ്തു കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു ജസ്റ്റിനെ ആദ്യകാലങ്ങളിൽ ഹരം കൊള്ളിച്ചിരുന്ന കാര്യങ്ങൾ. തന്റെ ടാറ്റ കുറച്ചു നാളുകൾക്ക് മുൻപായി ഈ ലോകത്തിൽ നിന്നും കടന്നുപോയതോടെ, ഒരു ജീവിതം നന്നായി ജീവിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിൽ നിന്ന് മനസിലാക്കി. അദ്ദേഹത്തിൽ നിന്നും ലഭിച്ച ഒരു പാരമ്പര്യം ഉപേക്ഷിക്കപെടാതെ ഭാവിതലമുറയ്ക്ക് അടിത്തറയിടുന്നതിലൂന്നി ജസ്റ്റിൻ തന്നെത്തന്നെ സ്വയം ഒരുക്കുകകയായിരുന്നു.
ജസ്റ്റിൻ 13 വയസ്സുള്ളപ്പോഴേ പാചകം ചെയ്യാൻ ആരംഭിച്ചു. അവിസ്മരണീയമായ ഭക്ഷണം സൃഷ്ടിക്കാൻ കയ്യിലുള്ള ഉൽപ്പന്നങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ എന്നും തന്റെ ഭാവനയെ അദ്ദേഹം പരുവപ്പെടുത്തി. തന്റെ ഭക്ഷണം ആളുകളെ എങ്ങനെ സ്വാധീനിക്കുമെന്നതിന് സാക്ഷ്യം വഹിക്കുന്നത് അദ്ദേഹം എപ്പോഴും ഇഷ്ടപ്പെടുന്നു, പലപ്പോഴും തന്റെ പ്രതിശ്രുത വധു എസ്ഥേറിനായി പാചകം ചെയ്യുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുവാൻ ശ്രമിക്കുന്നു.
2017 ൽ ജസ്റ്റിൻ ഇന്ത്യയിലേക്ക് പോയി അതിന്റെ സംസ്കാരം, ചരിത്രം, ആളുകൾ, ഭക്ഷണം എന്നിവയുമായി പ്രണയത്തിലായി. ‘മാസ്റ്റർചെഫ് ഓസ്‌ട്രേലിയ ‘അടുക്കളയിൽ ജസ്റ്റിൻ എല്ലാത്തരം പാചകരീതികളും തയ്യാറാക്കുന്നത് കണ്ടെങ്കിലും ഇന്ത്യൻ സുഗന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ജസ്റ്റിന്റെ കഴിവുകൾ അടുക്കളയിൽ വൈവിധ്യമാർന്നതാണെങ്കിലും, ഇന്ത്യൻ സുഗന്ധ ദ്രവ്യങ്ങളുടെയും , മധുരങ്ങളുടെയും രുചിക്കൂട്ടുകൾ പ്രേക്ഷകരുടെയും , വിധി കർത്താക്കളുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കൗമാരക്കാർക്ക് രസകരവും സുരക്ഷിതവുമായ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ സഹായിക്കുന്നതിനായി ഒരു യൂത്ത് പാസ്റ്ററായി പ്രവർത്തിച്ച ജസ്റ്റിൻ, തന്റെ പാചക സ്വപ്നങ്ങളെ പിന്തുടരാൻ, മാസ്റ്റർചെഫ് അടുക്കളയിൽ തന്റെ ഭാഗ്യം പരീക്ഷിക്കുന്നതിനായി മാസ്റ്റേഴ്സ് പഠനം നിർത്തിവച്ചു. ജോലിയിൽ നിന്ന് പൂർണമായും അവധിയെടുത്ത് പ്രതിജ്ഞാബദ്ധനായി.
ഭാവിയിൽ ജസ്റ്റിൻ ഒരു ഫുഡ് ട്രക്ക് അല്ലെങ്കിൽ റെസ്റ്റോറന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തെ വളർത്തിയ ഇന്ത്യൻ സുഗന്ധ മസാലകളും , മധുര മനോജ്ഞ നിറക്കൂട്ടുകളും സമന്വയിപ്പിച്ച ഒന്നായിരിക്കും എന്നാണ് ആഗ്രഹിക്കുന്നത്. ബിസിനസിൽ നിന്നും നഷ്ട്ടം വന്നില്ലെങ്കിൽ, ചില ലാഭ വിഹിതങ്ങൾ ഇന്ത്യയിലെ ചേരികളിൽ താമസിക്കുന്ന കുട്ടികളെ പോറ്റുന്നതിനും പഠിപ്പിക്കുന്നതിനും സഹായിക്കണം എന്നാണ് കരുതുന്നത്.
തന്റെ മമ്മയുടെ ചിക്കൻ കറിയുടെ പതിപ്പ് ഉപയോഗിച്ച് ജഡ്ജിമാരെ തുടക്കം മുതലേ അമ്പരപ്പിച്ച ജസ്റ്റിൻ, സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിലും, സ്വയമായുള്ള ആത്മവിശ്വാസത്തിലും എതിരാളികളെ കീഴ്‌പ്പെടുത്തി ഓരോ ഘട്ടത്തിലും മുന്നേറികൊണ്ടിരുന്നു. മാത്രമല്ല മിക്ക സാഹചര്യങ്ങളിലും തമാശ കണ്ടെത്താനുള്ള തന്റെ കഴിവ് മാസ്റ്റർചെഫ് അടുക്കളയിൽ ഉപയോഗപ്രദമായത് ഒട്ടേറെ ഗുണപ്രദമായി എന്ന് സാക്ഷ്യപ്പെടുത്തുന്നു . ജസ്റ്റിന്റെ ഈ വിജയത്തിൽ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരും അത്യധികം അഭിമാനം കൊള്ളുന്നുണ്ട് . ഈ വിജയം ഇന്ത്യൻ ഭക്ഷണരീതിയോടുള്ള ആഭിമുഖ്യം ഓസ്‌ട്രേലിയൻ ജനതക്കിടയിൽ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നാണ് കരുതുന്നതെന്നാണ് വിവിധ റെസ്റ്റോറന്റ് ഉടമകൾ ഓസ് മലയാളത്തോട് പറഞ്ഞത്.