തിരുവനന്തപുരം
വ്യവസായമേഖലയെ പരിപോഷിപ്പിച്ച് എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളം നിക്ഷേപ സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണെന്ന് വ്യവസായ–- വാണിജ്യ രംഗത്തെ പ്രമുഖർ. വ്യവസായമന്ത്രി പി രാജീവുമായി ഫിക്കി കേരള ഘടകം സംഘടിപ്പിച്ച ആശയവിനിമയത്തിലാണ് ഈ അഭിപ്രായമുയർന്നത്. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അധ്യക്ഷനായ ഫിക്കി കേരള കോ–- ചെയർമാൻ ദീപക് അശ്വനി പറഞ്ഞു. നൈപുണ്യമികവുള്ള തൊഴിലാളികൾ, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യം, ആശയവിനിമയ സൗകര്യം, വൈദ്യുതിനിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങൾ അനുകൂലമാണ്. ഐടി, ഭക്ഷ്യ, കാർഷികോല്പന്ന വ്യവസായം, പ്ലാന്റേഷൻ, എംഎസ്എംഇ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിന് കഴിയുന്നു. വ്യവസായാനുമതികൾ ഏകജാലക സംവിധാനത്തിലൂടെ നൽകുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങൾക്ക് വഴിതുറക്കും. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാൽനൂറ്റാണ്ടായി വ്യവസായം നടത്തുന്ന തനിക്ക് ഒരു പ്രയാസവും നേരിട്ടിട്ടില്ലെന്ന് കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ പറഞ്ഞു. പരാതിയുണ്ടായാൽ പരിഹരിക്കാൻ സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനായി നടന്ന സംവാദത്തിൽ ഫിക്കി അംഗങ്ങളും വിവിധ ചേംബർ ഓഫ് കൊമേഴ്സ്, സംഘടനാ ഭാരവാഹികളും നിർദേശങ്ങൾ അവതരിപ്പിച്ചു. വ്യവസായ വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കുക, തർക്കപരിഹാര മേൽനോട്ടത്തിന് നോഡൽ ഓഫീസറെ നിയമിക്കുക, വിലനിർണയ അതോറിറ്റി രൂപീകരിക്കുക, തദ്ദേശ സ്ഥാപന ജീവനക്കാർക്ക് പരിശീലനം നൽകുക തുടങ്ങിയ നിർദേശവും ഉയർന്നു. സർക്കാർ സ്വീകരിക്കുന്ന എല്ലാ തുടർനടപടിക്കും പിന്തുണയുണ്ടാകുമെന്നും ഉറപ്പു നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം എന്നിവരും പങ്കെടുത്തു.