ന്യൂഡൽഹി
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ 12 പ്രതികൾക്ക് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാതെ സുപ്രീംകോടതി. സ്വർണക്കടത്ത് യുഎപിഎ പരിധിയിൽ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണം വിശദമായി പരിശോധിക്കുമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാരും എൻഐഎയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വർണക്കടത്ത് യുഎപിഎ 15–-ാം വകുപ്പ് അനുസരിച്ച് ഭീകരക്കേസ് രജിസ്റ്റർ ചെയ്യാവുന്ന കുറ്റമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ചു. എന്നാൽ, സ്വർണക്കടത്ത് മാത്രമായി 15–-ാം വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് കേരള ഹൈക്കോടതി നിലപാട്.
രണ്ട് ഹൈക്കോടതി യുഎപിഎ വ്യത്യസ്തരീതിയിൽ വ്യാഖ്യാനിച്ച സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും എഎസ്ജി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ആഗസ്ത് 31ന് കേസ് വീണ്ടും പരിഗണിച്ചേക്കും.