തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഫിക്കി സംഘടിപ്പിച്ച യോഗത്തിൽ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. തർക്കപരിഹാരത്തിനുള്ള സംവിധാനത്തെക്കുറിച്ച് എല്ലാവരുമായും ചർച്ച നടത്തും. വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി വിനിയോഗത്തിന് ഏകീകൃത നയം ഉണ്ടാക്കും. സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനത്തിന് രൂപം നൽകും.
പരാതികളിൽ കഴമ്പുണ്ടെന്ന് വകുപ്പ് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാലേ സ്ഥാപന പരിശോധനയ്ക്ക് അനുമതി നൽകൂ. വ്യവസായ പ്രോത്സാഹനത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യും. നിക്ഷേപകരുടെയും വ്യവസായികളുടെയും നിർദേശങ്ങൾ ഉൾക്കൊണ്ട് കാലഹരണപ്പെട്ട ചട്ടങ്ങളിൽ മാറ്റത്തിന് സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
എൽഎസ്ജി, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറി ആൻഡ് ബോയിലേഴ്സ് തുടങ്ങിയവയെകുറിച്ചാണ് വ്യവസായ മേഖലയിൽ കൂടുതൽ പരാതി ഉയരുന്നത്. ഇവ വ്യവസായവകുപ്പിന് കീഴിലല്ല. പ്രശ്നപരിഹാരത്തിന് ദ്വിമുഖ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.