ലണ്ടൻ
യൂറോ കപ്പ് ഫൈനലിനുശേഷം വംശീയാധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇംഗ്ലണ്ട് മുന്നേറ്റ താരം മാർകസ് റാഷ്ഫഡ്. ഇറ്റലിയുമായുള്ള ഷൂട്ടൗട്ടിൽ റാഷ്ഫഡ് കിക്ക് പാഴാക്കിയിരുന്നു. തുടർന്നായിരുന്നു ഇംഗ്ലീഷ് കാണികളുടെ അധിക്ഷേപം. പെനൽറ്റി പാഴാക്കിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എന്നാൽ ഞാൻ എന്റെ സ്വത്വത്തിന്റെ പേരിലോ എവിടെനിന്ന് വരുന്നു എന്നതിന്റെ പേരിലോ ഒരിക്കലും മാപ്പ് പറയില്ല–-റാഷ്ഫഡ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
‘ഇതൊരു കഠിനമായ സീസണായിരുന്നു. ഫൈനലിൽ ഇറങ്ങുമ്പോൾ എനിക്ക് ആത്മവിശ്വാസമുണ്ടായില്ല. എങ്കിലും പെനൽറ്റി വലയിലെത്തിക്കാമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. 55 വർഷം. ഒരു പെനൽറ്റിയിൽ ചരിത്രമുണ്ടായേനെ. ഉണ്ടായില്ല. എല്ലാവരോടും മാപ്പ് പറയുന്നു. ഈ ടീമിൽ എല്ലാവരും സഹോദരങ്ങളായിരുന്നു എനിക്ക്. ഞാൻ ഫുട്ബോളിലൂടെയാണ് വളർന്നത്. എന്റെ നിറത്തെയോ, എവിടെ വളർന്നു എന്നതിനെക്കുറിച്ചോ ഞാൻ ചിന്തിക്കാറില്ല. എല്ലാം സ്വപ്നംപോലെയായിരുന്നു. എല്ലാവരും എന്നെ ചേർത്തുപിടിക്കുന്നു.
എനിക്ക് സന്ദേശങ്ങളയക്കുന്ന എല്ലാവർക്കുമായി. ഞാൻ മാർകസ് റാഷ്ഫഡ്, ദക്ഷിണ മാഞ്ചസ്റ്ററിലെ വിതിങ്ടണിൽനിന്നുള്ള ഇരുപത്തിമൂന്നുകാരനായ കറുത്ത മനുഷ്യൻ. മറ്റൊന്നുമില്ലെങ്കിലും ഈ വിലാസമുണ്ട് എനിക്ക്. ഞാൻ കരുത്തോടെ തിരിച്ചുവരും’.