കണ്ണൂർ
വിശ്വകായിക വേദിയിൽ ഇന്ത്യയുടെ വരവറിയിച്ച ആദ്യ മലയാളി കണ്ണൂരിലെ സി കെ ലക്ഷ്മണനാണ്. 1924ലെ പരീസ് ഒളിമ്പിക്സിലാണ് ലക്ഷ്മണൻ രാജ്യത്തിന്റെ അഭിമാനമായത്. 110 മീറ്റർ ഹർഡിൽസിൽ പങ്കെടുത്ത ലക്ഷ്മണൻ എട്ടംഗ ബ്രിട്ടീഷ് ഇന്ത്യൻ സംഘത്തിലെ നാല് ഇന്ത്യക്കാരിൽ ഒരാളാണ്.
കണ്ണൂർ പയ്യാമ്പലം തോട്ടത്തിൽ ചെറുവാടി കൊറ്റിയത്ത് ചോയി ബട്ട്ലറുടെയും ചെറുവാരി കല്യാണിയമ്മയുടെയും മകനായ ലക്ഷ്മണൻ അഞ്ചാമത്തെ ഹീറ്റ്സിൽ പുറത്തായെങ്കിലും അതിനകം ചരിത്രത്തിലിടം പിടിച്ചിരുന്നു. ഡൽഹിയിൽ നടന്ന പ്രഥമ ദേശീയ അത്ലറ്റിക് മീറ്റിലെ ഹർഡിൽസ് സ്വർണനേട്ടമാണ് ലക്ഷ്മണനെ ഒളിമ്പിക്സ് ടീമിലെത്തിച്ചത്.
1898ൽ ഏപ്രിൽ അഞ്ചിനായിരുന്നു ജനനം. കണ്ണൂർ മുനിസിപ്പൽ സ്കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളേജ്, മദ്രാസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ക്രിക്കറ്റിലും ടെന്നീസിലുമായിരുന്നു കൂടുതൽ താൽപ്പര്യം. മദ്രാസ് സംസ്ഥാനത്തെ മികച്ച മീഡിയം പേസ് ബൗളറായിരുന്നു. സഹോദരങ്ങളായ സി കെ ഭരതനും വിജയരാഘവനും അക്കാലത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരായിരുന്നു. പിന്നീട് പഠനാർഥം ലണ്ടനിലേക്ക് പോയി. സൈന്യത്തിലെത്തിയതോടെ തട്ടകം ഡൽഹിയായി. ജീവിതത്തിന്റെ ഏറിയ ഭാഗവും ചെലവഴിച്ചത് ഡൽഹിയിലാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ യൂണിയൻ ഹെൽത്ത് സർവീസ് ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ സേനയിൽ മേജർ ജനറലായിരുന്നു. 1972 ഒക്ടോബർ മൂന്നിന് ഡൽഹിയിലായിരുന്നു മരണം.
ഒളിമ്പ്യനായിട്ടും സി കെ ലക്ഷ്മണൻ ഇന്ത്യൻ കായിക രംഗത്ത് അധികം അറിയപ്പെടാത്ത താരമാണ്. സ്വന്തം നാടായ കണ്ണൂരിൽപ്പോലും കാര്യമായ സ്മാരകമൊന്നുമില്ല. കണ്ണൂർ ജവഹർ സ്റ്റേഡിയം പവിലിയനുമുന്നിലുള്ള അർധകായ പ്രതിമയാണ് ഏക സ്മാരകം. കണ്ണൂർ ഫുട്ബോൾ ഫ്രണ്ട് സൗജന്യ കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 2008 ആഗസ്ത് അഞ്ചിന് ഒളിമ്പ്യൻ ഒ ചന്ദ്രശേഖരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മകൾ ശ്രീലത ഖാത്രിയുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.