വെംബ്ലി
അടുത്തവർഷം നവംബറിൽ ആരംഭിക്കുന്ന ഖത്തർ ലോകകപ്പിൽ പോരാട്ടം കനക്കുമെന്ന സൂചന നൽകി യൂറോ കപ്പിന് അവസാനം. 51 മത്സരങ്ങളിൽ 142 ഗോളുകൾ പിറന്ന ടൂർണമെന്റിൽ ഇറ്റലി ചാമ്പ്യൻമാരായെങ്കിലും കടുത്ത പോരാട്ടമായിരുന്നു നടന്നത്. ഏകപക്ഷീയമായ മത്സരങ്ങൾ എണ്ണത്തിൽ കുറവായിരുന്നു. ഫൈനലിൽ തോറ്റ ഇംഗ്ലണ്ട്, സെമിയിൽ പോരടിച്ച സ്പെയ്ൻ ടീമുകളും ലോകകപ്പിന് ആവേശം കൂട്ടും.
മറുവശത്ത് അർജന്റീന ഏറെക്കാലത്തിനുശേഷം കിരീടം നേടിയെങ്കിലും പ്രകടനത്തിൽ യൂറോയ്ക്ക് പിന്നിലായിരുന്നു കോപ അമേരിക്ക. അർജന്റീനയ്ക്കും ബ്രസീലിനും താളം കണ്ടെത്താനായില്ല. ലാറ്റിനമേരിക്കയിലെ മറ്റ് ടീമുകളും നിരാശപ്പെടുത്തി. 28 കളികളിൽ 65 ഗോളാണ് കോപയിൽ പിറന്നത്. യൂറോപ്യൻ ടീമുകൾ കൃത്യമായ പാതയിലാണ്. ഒരു കളിക്കാരനിൽ കേന്ദ്രീകരിച്ചുള്ള പദ്ധതികളല്ല. ഇറ്റലിക്കും സ്പെയ്നിനും ബൽജിയത്തിനും ജർമനിക്കുമൊന്നും ഗോളടിക്കാൻ മാത്രം ഒരു കളിക്കാരനെ ആശ്രയിക്കേണ്ടിവന്നില്ല. കൂടുതൽ സംഘടിതമായ നീക്കങ്ങളായിരുന്നു. സുശക്തമായ പ്രതിരോധവും ചലനാത്മകമായ മധ്യനിരയും കളികൾക്ക് ബലാബലം നൽകി.
പ്രകടനത്തിൽ ഇറ്റലിയാണ് മുന്നിൽ. 2018 ലോകകപ്പിന് യോഗ്യത നേടാതിരുന്ന ഇറ്റലി അസാമാന്യ മികവോടെയാണ് തിരിച്ചെത്തിയത്. ഖത്തറാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഫെഡെറികോ കിയേസ, നിക്കോള ബറെല്ല, ലിയനാർഡോ സ്പിനസോള, ജിയാൻല്യൂജി ദൊന്നരുമ്മ, മാനുവേൽ ലോകാടെല്ലി, മത്തിയോ പെസിന, ഡൊമിനികോ ബെറാർഡി തുടങ്ങിയ ഒരുപറ്റം യുവനിരയുണ്ട് ഇറ്റലിക്ക്. യൂറോയിലെ ഏറ്റവും ഭാവനാപൂർണമായ മധ്യനിരയായിരുന്നു ഇറ്റലിക്ക്. പരിശീലകൻ റോബർട്ടോ മാൻസീനിക്ക് വ്യക്തമായ പദ്ധതികളുണ്ട്.
റഹീം സ്റ്റെർലിങ്ങും ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡുമായിരുന്നു ഇംഗ്ലണ്ടിന്റെ യൂറോയിലെ താരങ്ങൾ. ഷൂട്ടൗട്ടിൽ മങ്ങിയെങ്കിലും ബുകായോ സാക്കയും ജയ്ഡൻ സാഞ്ചോയും ഇംഗ്ലണ്ടിന്റെ ലോകകപ്പിലേക്കുള്ള നീക്കിയിരുപ്പാണ്. കാൾവിൻ ഫിലിപ്സ്, ജാക് ഗ്രീലിഷ്, ഫിൽ ഫോദെൻ, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ യുവനിരയുണ്ട് ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തിൽ.
പരിവർത്തനത്തിന്റെ ഘട്ടത്തിലുള്ള സ്പെയ്ൻ യൂറോയിൽ അത്ഭുതപ്പെടുത്തിയ സംഘമായി. അവരുടെ കളിയഴകിന് കോട്ടം തട്ടിയിട്ടില്ലെന്നതിന് തെളിവായി ഈ യൂറോ. പെഡ്രിയും പൗ ടോറെസും ഡാനി ഓൽമോയും അയ്മറിക് ലപോർട്ടെയും ഫെറാൻ ടോറെസും പാബ്ലോ സറാബിയയും ഉൾപ്പെട്ട സംഘം ലോകകപ്പ് മുന്നിൽക്കണ്ടാണ്. ജർമനിയും മാറ്റത്തിന്റെ ഘട്ടത്തിലാണ്. റോബിൻ ഗൊസെൻസും കയ് ഹവേർട്ട്സും ജോഷ്വ കിമ്മിച്ചും ഉൾപ്പെട്ട നിര പ്രതീക്ഷ നൽകുന്നതാണ്. പോർച്ചുഗൽ, ഫ്രാൻസ്, ബൽജിയം എന്നീ കരുത്തർക്കൊപ്പം ഡെൻമാർക്ക്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഹംഗറി ടീമുകളും ഖത്തർ കൊഴുപ്പിക്കും.
കോപയിൽ പുത്തൻ താരോദയങ്ങൾ കുറവായിരുന്നു. കൊളംബിയയുടെ ലൂയിസ് ഡയസ് ആണ് ശ്രദ്ധേയൻ. നാല് ഗോളടിച്ചു ഈ എഫ-്സി പോർട്ടോ താരം. അർജന്റീന നിരയിൽ റോഡ്രിഗോ ഡി പോൾ, ക്രിസ്റ്റ്യൻ റൊമേറോ, ഗൊൺസാലോ മോണ്ടിയെൽ, ലൗതാരോ മാർട്ടിനെസ് എന്നിവരും ശ്രദ്ധേയ പ്രകടനങ്ങൾ പുറത്തെടുത്തു.