ന്യൂഡൽഹി
കേന്ദ്ര മന്ത്രിസഭയിലെ അഴിച്ചുപണിക്ക് പിന്നാലെ വിവിധ മന്ത്രിസഭാ സമിതികളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറ്റംവരുത്തി. ആകെയുള്ള എട്ട് മന്ത്രിസഭാ സമിതിയിലും ആഭ്യന്തര മന്ത്രി അമിത് ഷാ അംഗമാണ്.
മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആറിലും ബിജെപിയുടെ മറ്റൊരു മുൻ പ്രസിഡന്റ് നിതിൻ ഗഡ്കരി നാല് സമിതിയിലും മാത്രമാണുള്ളത്. ഏറ്റവും പ്രധാന സുരക്ഷാകാര്യങ്ങൾക്കുള്ള സമിതിയിൽ മാറ്റമില്ല. പ്രധാനമന്ത്രിക്ക് പുറമെ, ആഭ്യന്തര, പ്രതിരോധ, വിദേശ, ധനമന്ത്രിമാരാണ് ഇതിലുള്ളത്. നിയമനകാര്യ സമിതിയിൽ പ്രധാനമന്ത്രിക്ക് പുറമെ അമിത് ഷാ മാത്രം.
രാഷ്ട്രീയകാര്യ സമിതിയിൽ മന്ത്രി സ്മൃതി ഇറാനി, ഭൂപേന്ദ്ര യാദവ്, സർബാനന്ദ സൊനോവാൾ എന്നിവരുമുണ്ട്. രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററികാര്യ സമിതിയിൽ വീരേന്ദ്രകുമാർ, അനുരാഗ് ഠാക്കൂർ എന്നിവർ പുതിയതായി ഉൾപ്പെട്ടു. പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ പ്രത്യേക ക്ഷണിതാവാണ്. നിക്ഷേപത്തിനും വളർച്ചയ്ക്കായി മോഡിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നാരായൺ റാണെ, ജ്യോതിരാധിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ് എന്നിവരും ഉൾപ്പെട്ടു.