തിരുവനന്തപുരം
കോഫെപോസ തടവുകാരായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾ സ്ഥിരം പ്രശ്നക്കാർ. ജലാൽ, സരിത്, റമീസ്, റബിൻസ് എന്നിവരാണ് പ്രശ്നക്കാരെന്ന് സൂപ്രണ്ട് ജയിൽ മേധാവിയെ ധരിപ്പിച്ചു. യഥേഷ്ടം പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇവർ ആദ്യംമുതൽ പ്രശ്നമുണ്ടാക്കിയിരുന്നു. ജയിൽവകുപ്പ് തയ്യാറാക്കുന്ന ഭക്ഷണം തടവുകാർക്കും വാങ്ങാൻ അവസരമുണ്ട്. 1200 രൂപയുടെ സാധനങ്ങളാണ് മാസം വാങ്ങാനാകുക. എന്നാൽ, ഇതിൽ കൂടുതൽ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിൽ റമീസ് നൽകിയ പരാതി കോടതി പരിഗണനയിലാണ്. കൂടുതൽ സമയം ഫോൺ വിളിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടും ഇവർ പ്രശ്നം സൃഷ്ടിച്ചു. സംസാരം ഉദ്യോഗസ്ഥർ കേൾക്കരുതെന്നും വാശിപിടിച്ചു. ഇതിനും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഒന്നിടവിട്ട് ജയിൽ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ ഫോൺ വിളിക്കാനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇവരുടെ പേരിൽ അനധികൃത പാഴ്സലുകൾ ജയിലിലേക്ക് എത്താൻ തുടങ്ങി. ഇത് തടഞ്ഞതും പ്രശ്നത്തിന് ഇടയാക്കി. ഇതിനുപിന്നാലെയാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. ഇതിലുള്ള പ്രതികാരമാണ് ഇവർ ജയിൽ അധികൃതർക്കെതിരെ നിരന്തരം വ്യാജ പരാതികൾ നൽകുന്നതെന്നാണ് നിഗമനം.
സരിത്തിന്റെ
ലഹരി ഉപയോഗം: ദൃശ്യം
കോടതിയിൽ
സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തും റമീസും ജയിലിൽ ലഹരി ഉപയോഗിച്ചതിന്റെ ഡിജിറ്റൽ തെളിവ് കോടതിയിൽ. ഇരുവരും പുക വലിക്കുന്നതിന്റെ ദൃശ്യമാണ് എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേട്ടിന് (ഇക്കണോമിക് ഒഫൻസ്) കൈമാറിയത്. ഉദ്യോഗസ്ഥർ സെല്ലിൽ പരിശോധന നടത്തുന്നതിന്റെ ദൃശ്യവും കോടതിക്ക് കൈമാറിയിട്ടുണ്ട്. പരിശോധനയിൽ കത്രിക, ബീഡി, ലൈറ്റർ എന്നിവ പിടികൂടിയിരുന്നു.