നെടുമ്പാശേരി
അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി വിലമതിക്കുന്ന ഹെറോയിനുമായി കഴിഞ്ഞ ദിവസം പിടിയിലായ ടാൻസാനിയൻ സ്വദേശി അഷ്റഫ് സാഫിയെ നർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിആർഐ പിടികൂടിയ കേസ് നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി.
തിങ്കളാഴ്ച പുലർച്ചെ ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഇയാളിൽനിന്ന് 4.640 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. തുടരന്വേഷണം എൻസിബിക്ക് കൈമാറിയെങ്കിലും ഡിആർഐയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഹെറോയിൻ ട്രെയിൻ മാർഗം ഡൽഹിയിലേക്ക് എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് അഷ്റഫ് സാഫി മൊഴി നൽകി.
ഡൽഹിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന കാരിയർമാർ തുടർച്ചയായി കൊച്ചിയിൽ പിടിയിലായതോടെ ഈ സംഘത്തിന് കൊച്ചിയിൽ ശക്തമായ വേരുകൾ ഉണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇക്കാര്യമാണ് ഡിആർഐയും എൻസിബിയും പ്രധാനമായും അന്വേഷിക്കുന്നത്. ഡൽഹിയിലേക്ക് കടത്താൻ ലക്ഷ്യമിട്ട് 20 കോടി രൂപയുടെ ഹെറോയിനുമായി ജൂൺ 12ന് ദോഹയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ സിംബാബ്വേക്കാരി ഷാരോൺ ചിഗ്വാസ സിയാൽ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു. അഷ്റഫ് സാഫിയെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.