തിരുവനന്തപുരം
ബോക്സിങ്ങിൽ കേരളത്തിന്റെ സ്വന്തം ‘മേരികോമുമാരെ’ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ. പ്രതിഭയുള്ള പെൺകുട്ടികളെ ചെറുപ്പത്തിൽ കണ്ടെത്തി ബോക്സിങ്ങിൽ മികച്ച പരിശീലനം നൽകി ലോകോത്തര താരങ്ങളായി ഉയർത്താൻ ‘പഞ്ച്’ പദ്ധതി നടപ്പാക്കാൻ കായികവകുപ്പ് തീരുമാനിച്ചു.
സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ബോക്സിങ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്. എട്ടിനും 12 വയസ്സിനും ഇടയിലുള്ളവർക്കാണ് പ്രവേശനം. സെലക്ഷൻ ട്രയൽസ് നടത്തിയാകും തെരഞ്ഞെടുക്കുക. സ്കൂളുകളോ ഇൻഡോർ സ്റ്റേഡിയങ്ങളോ ആകും കേന്ദ്രം. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും പരിശീലനം. ഒരു കേന്ദ്രത്തിൽ രണ്ട് പരിശീലകരുണ്ടാകും. പരിശീലനം സൗജന്യമായിരിക്കും. താരങ്ങൾക്കാവശ്യമായ കായികോപകരണങ്ങളും സൗജന്യമായി നൽകും. ഉയർന്ന നിലവാരം പുലർത്തുന്നവർക്ക് അതിനനുസൃതമായ തുടർപരിശീലനം ഉറപ്പാക്കും.
ഇതിനുപുറമേ ജൂഡോയിലും സമാന രീതിയിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാൻ ‘ജുഡോക്ക’ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണത്. പത്ത് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. ഒരു കേന്ദ്രത്തിൽ 40 പേർക്ക് പ്രവേശനം. കായിക യുവജനകാര്യ ഡയറക്ടറേറ്റ് വഴിയാണ് ഇരുപദ്ധതികളും നടപ്പാക്കുന്നത്. ആവശ്യമായ തുകയും അനുവദിച്ചു. നേരത്തേ ഫുട്ബോളിനായി കിക്കോഫ്, ബാസ്കറ്റ് ബോളിനായി ഹൂപ്സ് എന്നീ പദ്ധതികൾ ആരംഭിച്ചിരുന്നു.
സ്പോർട്സ് സ്കൂൾ കുട്ടികൾക്ക് സമ്മാനത്തുക
മികച്ച പ്രകടനം നടത്തുന്ന സ്പോർട്സ് സ്കൂളിലെ കായിക താരങ്ങൾക്ക് സർക്കാരിന്റെ സമ്മാനത്തുക. ടീം, വ്യക്തിഗത ഇനങ്ങളിൽ മിന്നുന്ന തിരുവനന്തപുരം ജി വി രാജയിലെയും കണ്ണൂർ സ്പോർട്സ് സ്കൂളിലെയും താരങ്ങൾക്കാണ് ലഭിക്കുക. ഇവരുടെ പരിശീലകർക്കും സമ്മാനത്തുകയുണ്ട്. 50 ലക്ഷം രൂപ ഇതിനായി കായികവകുപ്പ് അനുവദിച്ചു.