മോസ്കോ
അഫ്ഗാനിസ്ഥാനു സമീപമുള്ള മധ്യേഷ്യൻ രാജ്യങ്ങളിൽ(മുൻ സോവിയറ്റ്) സൈന്യത്തെ വിന്യസിക്കുന്നതിനെതിരെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി റഷ്യ. കഴിഞ്ഞ മാസം ജനീവയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇക്കാര്യം പറഞ്ഞതായി റഷ്യൻ ഉപ വിദേശമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ 90 ശതമാനം യുഎസ് സൈനികരെയും പിൻവലിച്ച പശ്ചാത്തലത്തിൽ ഇക്കാര്യം വീണ്ടും ആവർത്തിക്കുകയാണെന്നും റ്യാബ്കോവ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലേക്ക് അമേരിക്ക സൈന്യത്തെ വിന്യസിക്കുന്നത് ഒരിക്കലും അനുവദിക്കാനാകില്ല. മറിച്ചാണെങ്കിൽ ഞങ്ങളുടെ സമീപനത്തിൽ മാറ്റം വരും.മധ്യേഷ്യൻ രാജ്യങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സെർജി റ്യാബ്കോവ് പറഞ്ഞു. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജികിസ്ഥാൻ എന്നിവയെല്ലാം കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (സിഎസ്ടിഒ)യുടെ അംഗങ്ങളാണെന്നും തജികിസ്ഥാനിലും കിർഗിസ്ഥാനിലും റഷ്യൻ സൈനികത്താവളങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.