ന്യൂഡൽഹി:കേരളത്തിലെ എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിന് എൻ.ഒ.സി നൽകില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ബിരുദതലത്തിൽ സ്വാശ്രയ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകും. ഇത് സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തതായി സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എയ്ഡഡ് കോളേജുകളിൽ ബിരുദ, ബിരുദാന്തര തലങ്ങളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കുന്നതിന് എതിരായ ഹർജികൾ പരിഗണിക്കവേയാണ് സംസ്ഥാന സർക്കാർ പുതിയ നയം സുപ്രീം കോടതിയെ അറിയിച്ചത്. എയ്ഡഡ് കോളേജ് ക്യാമ്പസുകളിൽ ഇനി മുതൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിന് അനുമതി നൽകില്ലെന്ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാന്റിങ്കോൺസൽ ജി. പ്രകാശ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ബിരുദ തലത്തിൽ സ്വാശ്രയ തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് തുടർന്നും അനുമതി നൽകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സ്വാശ്രയ കോഴ്സുകൾ അനുവദിക്കുന്നതിന് എതിരേഅൺഎയ്ഡഡ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാർ ശമ്പളം കൈപ്പറ്റുന്ന അധ്യാപകരാണ് ചില എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾപഠിപ്പിക്കുന്നത് എന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ആരോപിച്ചു. എന്നാൽ സർക്കാരിന്റെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ ഹർജി പിൻവലിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി.
ഇതിനിടെ, വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് ഹർജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് യു. യു. ലളിത് അഭിപ്രായപ്പെട്ടു.
Content Highlights:will not allow self-financed courses in aided colleges- Kerala government in supreme court