കൊച്ചി > കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കണ്ണൂർ പാനൂർ സ്വദേശി അജ്മലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അജ്മലിന് അർജുൻ ആയങ്കിയും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
അർജുൻ ആയങ്കിക്കും മുഹമ്മദ്ഷാഫിക്കും മൊബൈൽ സിംകാർഡ് എടുത്ത് നൽകിയത് അജ്മൽ ആയിരുന്നു. അജ്മലിന്റെ അമ്മയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചായിരുന്നു സിം കാർഡ് എടുത്തത്. അമ്മയെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സ്വർണക്കടത്തിൽ പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബായിലെ മറ്റൊരു സംഘവുമായി ബന്ധപ്പെടുത്തിക്കൊടുത്തത് അജ്മലാണ്. അജ്മലിനൊപ്പം പാനൂർ സ്വദേശിയായ ആഷിഖിനെയും കസ്റ്റംസ് ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ച അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുമായോ ബന്ധമില്ലെന്നു മുഹമ്മദ് ഷാഫി കസ്റ്റംസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. ചൊവ്വാഴ്ച രാവിലെ കസ്റ്റംസ് ഓഫീസിലെത്തിയ ഷാഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.