കൊച്ചി > സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെതിരെ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. തനിക്കെതിരെ കോട്ടയത്തുള്ള ദമ്പതിമാർ ഫെയ്സ്ബുക്കിൽപോസ്റ്റ് ഇട്ടിരുന്നെന്നും അവർക്ക് വിവിധ രാജ്യങ്ങളിൽനിന്ന് നെറ്റ്കോളിലൂടെ ഐഎസ് ഭീഷണി ഉണ്ടായെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് ആയിഷ പരാതിയിൽപറഞ്ഞു.
ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലും ദമ്പതിമാർ ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. അവർക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പൊലീസ് കണ്ടെത്തണമെന്നും ആയിഷ പരാതിയിൽ പറഞ്ഞു.