കൊച്ചി > ബിജെപി നേതാക്കൾഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽസമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി. ഹർജിക്കാരന് കോടതി പതിനായിരം രൂപ പിഴയും ചുമത്തി.
തുക ഒരു മാസത്തിനകം ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണം. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ വസ്തുതാപരമല്ലന്നും കേസിനെ പറ്റി ഒന്നും അറിയാതെയാണ് ഹർജി നൽകിയെതന്നും ചീഫ് ജസ്റ്റി എസ് മണികുമാർ അധ്യക്ഷനും ജസ്റ്റിസ് ഷാജി പി ചാലി അംഗവുമായ ബഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്കാരൻ പ്രശസ്തി മാത്രം ആഗ്രഹിച്ചാണ് ഹർജി നൽകിയത്.
ഒരു തയ്യാറെടുപ്പ് ഇല്ലാതെയും വസ്തുതകൾ പരിശോധിക്കാതെയുമുള്ള ഹർജി കോടതിയുടെ വിലപ്പെട്ട സമയം കളയുകയാണന്നും കോടതി വിലയിരുത്തി. ഹർജിക്കാരൻ മെയ് 28നാണ് പൊലീസ് മേധാവിക്ക്പരാതി നൽകിയത്. അതിന് മുമ്പേതന്നെ തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്യത്തിൽസർക്കാർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽപബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ കോടതിയെ അറിയിച്ചു. പാലക്കാട് ആസ്ഥാനമായ അഴിമതി വിരുദ്ധ മനുഷ്യാവകാശ കൗൺസിലിന്റെ പ്രസിഡൻ്റ് ഐസക് വറുഗീസാണ്പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.