കൊച്ചി > കനത്ത മഴയിലും ശകതമായ കാറ്റിലും പറവൂർ താലൂക്കിലെ ആലങ്ങാട്, കോട്ടുവള്ളി, കരുമാലൂർ വില്ലേജുകളിൽ വ്യാപക നാശനഷ്ടം നേരിട്ടു. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി വില്ലേജിൽ 40 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലങ്ങാട് വില്ലേജിൽ 122 വീടുകളും കരുമാലൂർ വില്ലേജിൽ 18 വീടുകളും ഭാഗികമായി തകർന്നു. ശകതമായ കാറ്റിൽ മരങ്ങൾ വീണാണ് ഭൂരിഭാഗം വീടുകൾക്കും നാശനഷ്ടം സംഭവിച്ചത്. പറവൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലായി 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കെഎസ്ഇബി യുടെ വിവിധ സാമഗ്രികൾക്കും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ നേരിട്ടു.
മൂവാറ്റുപുഴ താലൂക്കിലെ ഏനാനെല്ലൂർ, കല്ലൂർക്കാട് വില്ലേജുകളിൽ നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു. ഏനാനെല്ലൂർ വില്ലേജ് 12-ാം വാർഡിൽ രണ്ട് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. കുന്നത്തുനാട് താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നു. ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിൽ വീടിന് മുകളിൽ മരംവീണ് ഭാഗിക നാശനഷ്ടം നേരിട്ടു. കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു.
ശക്തമായ കാറ്റിലും മഴയിലും വീട്ടുകൾക്ക് മേൽ മരം മറിഞ്ഞു വീണ് പെരുമ്പാവൂരിലും നാശനഷ്ടം സംഭവിച്ചു. ജാതി വാഴ തുടങ്ങിയ കൃഷികൾ കാറ്റിൽ മറിഞ്ഞ് വീണത് കർഷകരെ ദുരിതത്തിലാക്കി. കൂവപ്പടി, കൂടാലപ്പാട്, ഇടവൂർ , മുടക്കുഴ , പഞ്ചായത്തിലും മറ്റു പഞ്ചായത്തിലെ ചില വാർഡുകളിലും മരം മറിഞ്ഞു വീണ് നാശം വിതച്ചിട്ടുണ്ട്. കൂടാലപ്പാട് സിദ്ധൻ കവലയിൽ പുത്തൻ കുടി പീയൂസിന്റെ വലിയ പ്ലാവ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അറക്കമില്ലിലും പരിസരത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മറ്റും വ്യാപക നാശനഷ്ടം കൊടുവേലിപ്പടിയിൽ വീടുകൾക്കു മുകളിലേക്ക് പലയിടത്തും മരങ്ങൾ വീണു. വിവാഹ പന്തലിന്റെ മുകളിലേക്കും മരം വീണു നാശനഷ്ടമുണ്ടായി.
ഗതാഗത തടസങ്ങൾ നീക്കുന്നതിനും വൈദ്യൂതി ബന്ധം പുനസ്ഥാപിക്കുന്നതിനുമായി പൊലീസ്, പഞ്ചായത്ത്, റവന്യൂ, കെഎസ്ഇബി, സന്നദ്ധ സംഘടകൾ എന്നിവർ ഒത്തൊരുമിച്ച് ശ്രമം തുടരുകയാണ്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ജില്ലയിലെവിടെയും നിലവിലില്ല.