തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസ് ഗൂഢാലോചനയിൽ പ്രതിചേർക്കപ്പെട്ട മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.
ഗുജറാത്ത് കോടതിയിലാണ് ട്രാൻസിറ്റ് ബെയിലിന് അപേക്ഷിച്ചത്. കേസ് അന്വേഷണത്തിനിടെ നമ്പിനാരായണനെ കണ്ടിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. ചാരക്കേസ് ഗൂഢാലോചനയിൽ സിബിഎ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് ആർ ബി ശ്രീകുമാർ അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത്. ചാരക്കേസ് കാലത്ത് ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീകുമാർ ഇപ്പോൾ ഗുജറാത്തിലാണ് താമസം. ഗൂഢാലോചനാകേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തതിനാൽ ഗുജറാത്തിൽ താമസിക്കുന്ന ശ്രീകുമാറിന് നേരിട്ട് സംസ്ഥാനത്തെ കോടതിയിൽ അപേക്ഷ സമർപ്പിക്കാനാവില്ല. ഇതിനാലാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ട്രാൻസിറ്റ് ബെയിൽ നേടാനുള്ള ശ്രമം തുടങ്ങിയത്.
ട്രാൻസിറ്റ്ബെയിൽ ലഭിച്ചാൽ കേരളത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ കഴിയും. ചാരക്കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഒരിക്കൽ പോലും നമ്പി നാരായണനെ കണ്ടിട്ടില്ലെന്ന് ട്രാൻസിറ്റ്ബെയിൽ അപേക്ഷയിൽ ശ്രീകുമാർ പറയുന്നു. ശശികമാറിനെ മാത്രം ഒരു ദിവസം ചോദ്യം ചെയ്തു. സിബിഐ ആരോപിക്കുന്ന പോലെ ഗൂഢാലോചന നടന്നിട്ടില്ലെന്നും ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. പ്രതിപട്ടികയിൽ ഉൾപ്പെട്ടവർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത് സിബിഐയുടെ ചടുല നീക്കങ്ങൾക്കും തിരിച്ചടിയായി.
പ്രതികളെ സമൻസ് നൽകി ചോദ്യം ചെയ്യാനും വേണമെങ്കിൽ അറസ്റ്റ് ചെയ്യാനുമായിരുന്നു നീക്കം. മുൻകൂർ ജാമ്യേപക്ഷയിൽ കോടതി നിലപാട് അറിഞ്ഞിട്ട് പ്രതികൾക്ക് സമൻസ് നൽകിയാൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേ സമയം സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മുൻ ഐബി ഉദ്യേഗസ്ഥരിൽ ചിലർ ദേശീയ സുരക്ഷാ ഉപദേഷ്ടടാവ് അജിത് ഡോവലിന് കത്തയിച്ചിട്ടുണ്ടെന്നും വിവരം ഉണ്ട്. ചാരക്കേസുമായി ബന്ധപ്പെട്ട് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്തതെന്നും അതിന്റെ പേരിൽ ഇപ്പോൾ ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് കത്തിലെ ഉള്ളടക്കമെന്നാണ് സൂചന.
Content HighIight: ISRO spy case; RB Sreekumar submit transit bail Plea