ആലപ്പുഴ: കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങൾക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കിൽ തിരുത്തുമായി സർക്കാർ. 284 മരണങ്ങളാണ് കൂട്ടിച്ചേർത്തത്. തദ്ദേശസ്ഥാപനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്ത്. ഇതോടെ പുതുക്കിയ പട്ടികപ്രകാരം ആലപ്പുഴയിലെ ആകെ കോവിഡ് മരണം 1361 ആയി. നേരത്തെ 1077 മരണങ്ങളാണ് ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കെടുക്കാനുള്ള ആരോഗ്യവകുപ്പ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ കണക്കിലും തിരുത്തൽ വരുത്തിയത്. പുതിയ കണക്ക് ആരോഗ്യവകുപ്പ് അധികൃതർ കളക്ടർക്ക് സമർപ്പിക്കും. ഇത് സംസ്ഥാന ആരോഗ്യവകുപ്പ് കൂടി അംഗീകരിക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
മാരകരോഗം ബാധിച്ച് മരിച്ചവർ, ആത്മഹത്യ ചെയ്തവർ, വാഹനാപകടത്തിൽ മരിച്ചവർ എന്നിവരുൾപ്പടെ 204 മരണങ്ങൾ ജില്ലാ അധികൃതർ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാനം ഇത് അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് തേടിയത്. ജില്ലാആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിനെക്കാൾ കൂടുതലാണിത്.
Content Highlight: Govt revises Alappuzha Covid 19 death toll; 284 deaths added