ഭരണത്തുടർച്ച ഉണ്ടായതിന് പിന്നാലെ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. കേരളത്തിൻ്റെ വികസന കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയാകുക. കെ – റെയിൽ വിഷയം, സംസ്ഥാനത്തിന് ലഭ്യമാകാനുള്ള ജിഎസ്ടി കുടിശിക, ആവശ്യമായ കൊവിഡ് പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ ചർച്ചയാകും. അതിവേഗ റെയിൽ പാത നിർമ്മാണത്തിൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായങ്ങൾ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്.
ജനസംഖ്യ അടിസ്ഥാനമാക്കി കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനത്തിന് കൂടുതൽ പരിഗണന നൽകുന്ന തരത്തിലുള്ളതാണ് കേന്ദ്രത്തിൻ്റെ കൊവിഡ് നയം. ഈ സാഹചര്യത്തിൽ കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടേക്കും. സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ 90 ലക്ഷം ഡോസ് വാക്സിൻ കൂടി ഉടൻ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന സഹകരണ വകുപ്പ് രൂപീകരണത്തിലെ സംസ്ഥാനത്തിൻ്റെ ആശങ്കയും മുഖ്യമന്ത്രി അറിയിക്കും. മുംബൈ – കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിൽ കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ മികച്ച റോഡ് ഗതാഗത സൗകര്യം ലഭ്യമാക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്നാണ് കേരളത്തിൻ്റെ കണക്കുകൂട്ടൽ.