തിരുവനന്തപുരം
സ്ത്രീകൾക്കുനേരേയുള്ള അതിക്രമ പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) തന്നെ കൈകാര്യം ചെയ്യണമെന്ന് പുതിയ മാർഗനിർദേശം. ഉടൻ നടപടിയെടുത്ത് പരാതിക്കാരിയുടെ സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് നിർദേശം പുറപ്പെടുവിച്ചത്. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ക്രിമിനലുകളെ ചോദ്യം ചെയ്യുമ്പോൾ എസ്എച്ച്ഒയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം വേണം.
മറ്റ് നിർദേശങ്ങൾ
● സ്റ്റേഷനിൽ എത്തുന്നവരുടെ പരാതി എസ്എച്ച്ഒ നേരിട്ട് കേൾക്കണം, പരാതിക്ക് രസീത് ഉറപ്പാക്കണം
● സ്റ്റേഷനിൽ കൊണ്ടുവരുന്നവരെ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം
● അനധികൃതമായി ആരും കസ്റ്റഡിയിൽ ഇല്ലെന്ന് സബ് ഡിവിഷൻ പൊലീസ് ഓഫീസർ ഉറപ്പാക്കണം
● ജാമ്യം ലഭിക്കാത്ത കേസിൽ വൈദ്യപരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കണം
● സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസുകാർ അഭിപ്രായം പറയരുത്. സ്വകാര്യ അക്കൗണ്ടിന് ഔദ്യോഗിക ഇമെയിൽ വിലാസവും ഫോൺ നമ്പരും ഉപയോഗിക്കരുത്
● നാട്ടുകാർ പിടികൂടുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകൾ ഇൻസ്പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തണം
● പരാതിയുമായി എത്തുന്നവരെ സ്റ്റേഷനറി സാധനം വാങ്ങാൻ നിർബന്ധിക്കരുത്