തിരുവനന്തപുരം
സംസ്ഥാനത്തെ ബിജെപി പ്രവർത്തനങ്ങളിൽ ദൈനംദിനം ഇടപെടൽ മാറ്റി ‘പിൻസീറ്റ് ഡ്രൈവിങ്’ മതിയെന്ന് ആർഎസ്എസിൽ ധാരണ. മൂന്നു കാരണമാണ് ഇതിലേക്കെത്തിച്ചത്; സംഘടനാ ചുമതലയുമായി അയച്ചവർ ആർഎസ്എസ് അജൻഡയേക്കാൾ മറ്റ് താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു,
സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന ബിജെപി നേതാക്കളുടെ പരാതി, ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ പ്രത്യക്ഷത്തിലുള്ള ആർഎസ്എസ് നിയന്ത്രണം ദോഷംചെയ്യുന്നുവെന്ന അഭിപ്രായം.
തകർന്നടിഞ്ഞ ബിജെപിയെ കരകയറ്റാനും പിന്നിൽനിന്നുള്ള നിയന്ത്രണത്തിലൂടെ ആർഎസ്എസ് ലക്ഷ്യമിടുന്നു. മുസ്ലിംലീഗിൽനിന്ന് അടക്കം ചില നേതാക്കൾ ബിഡിജെഎസ് വഴി എൻഡിഎയുമായി സഹകരിക്കാൻ മുന്നോട്ട് വന്നിരുന്നു. അങ്ങനെ വരുന്നവർക്ക് കേന്ദ്രമന്ത്രിസ്ഥാനം നൽകാമെന്ന ഉറപ്പ് അമിത് ഷായും നൽകി. ബിഡിജെഎസ് താൽപ്പര്യമെടുക്കാത്തതും ആർഎസ്എസുമായി നേരിട്ട് ബന്ധം വയ്ക്കുന്നതിലുള്ള മുസ്ലിംനേതാക്കളുടെ സംശയവുമാണ് വിലങ്ങായതെന്ന് മുരളീധരപക്ഷത്തുള്ള ബിജെപി നേതാവ് പറഞ്ഞു.
കൊച്ചിയിലെ ആർഎസ്എസ് ബൈഠക് ബിജെപി പരാജയം ഗൗരവമായി ചർച്ചചെയ്തിരുന്നു. തുടർന്നാണ് പുതിയ തീരുമാനം. ബിജെപിയിൽ താഴേത്തട്ടുമുതൽ അഴിച്ചുപണി വേണമെന്നാണ് ആർഎസ്എസ് നിലപാട്. നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശവും മുന്നോട്ടു വച്ചു. ഇതിനോടും മുരളീധരനും കൂട്ടർക്കും വിയോജിപ്പാണ്.
കഴക്കൂട്ടത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയത് വലിയ തിരിച്ചടിയായെന്നും ആർഎസ്എസ് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.