തിരുവനന്തപുരം
ജയിൽ ഉദ്യോഗസ്ഥർക്കെതിരെ തിരുവനന്തപുരം സ്വർണക്കടത്ത് പ്രതി സരിത്ത് നൽകിയ കള്ളമൊഴിയെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷിക്കും. സെല്ലിലെ ലഹരി ഉപയോഗം കണ്ടെത്തിയതിലുള്ള പകയാകാം പരാതിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഗൂഢാലോചനയോ മറ്റ് ബാഹ്യ സമ്മർദമോ പിന്നിലുണ്ടോ എന്നും പരിശോധിക്കും. ജയിൽ മേധാവിയിൽനിന്ന് വിശദമായി റിപ്പോർട്ട് തേടി. ഉടൻ അന്വേഷണ ഉത്തരവിറങ്ങും.
പ്രതിയായ സ്വപ്ന സുരേഷും സമാന മൊഴി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നൽകിയതും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് (ഇക്കണോമിക് ഒഫൻസസ്) കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോഴാണ് ജയിൽ സൂപ്രണ്ട്, ജോയിന്റ് സൂപ്രണ്ട് തുടങ്ങിയവർക്കെതിരെ സരിത്ത് മൊഴി നൽകിയത്. കേസിൽ ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ആവശ്യപ്പെട്ടെന്നായിരുന്നു മൊഴി. വീഡിയോ കോളിങ്ങിനിടെ ബന്ധുക്കളോടും ഇത് ആവർത്തിച്ചു. എന്നാൽ, ജയിലിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സിസിടിവി
സാക്ഷി
സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തും റമീസും സെല്ലിൽ ലഹരി ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തി. തുടർന്ന്, ജോയിന്റ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സെല്ലിൽ നടത്തിയ പരിശോധനയിൽ രണ്ട് കത്രിക, ബീഡി, ലൈറ്റർ എന്നിവയും കണ്ടെടുത്തു. എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേട്ടിന് (ഇക്കണോമിക്സ് ഒഫൻസ്) നൽകിയ റിപ്പോർട്ടിൽ ജയിൽമേധാവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് ലഹരി ഉപയോഗം സിസിടിവിയിൽ പതിഞ്ഞത്. ഇതോടെ രണ്ടുപേരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വ്യാജ പരാതി കോടതിക്ക് നൽകുകയുമായിരുന്നു.
കോടതി റിപ്പോർട്ട് തേടി
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ എൻഐഎ കോടതി ജയിലധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നേതാക്കളുടെ പേര് പറയാൻ ജയിലധികൃതർ ശ്രമിച്ചെന്ന് സരിത് കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഏത് നേതാക്കളുടെ പേര് പറയാനാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സരിത്തിനെ തിരുവനന്തപുരത്തെ ജയിലിൽനിന്ന് എൻഐഎ കോടതിയിൽ ഹാജരാക്കിയത്.