തിരുവല്ല
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറടക്കം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ. തിങ്കളാഴ്ച പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ ആറോടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്നിന്നും പരുമല പള്ളിയിൽ കൊണ്ടുവന്നു. ഡോ. ഗീവറുഗീസ് മാര് യൂലിയോസ് മെത്രാപോലീത്താ കുർബാന അര്പ്പിച്ചു. വൈകിട്ട് ഏഴുവരെ പൊതുദര്ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വീണാ ജോർജ്, കെ രാജൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവരുൾപ്പെടെയുള്ളവർ പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
വിടവാങ്ങല് പ്രാര്ഥനക്ക് ശേഷം രാത്രി എട്ടോടെ മൃതദേഹം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിലാപയാത്രയായി എത്തിച്ചു. അരമന ചാപ്പലില് പ്രാര്ഥനക്ക് ശേഷം പൊതുദര്ശനത്തിന് വച്ചു. ചൊവ്വാഴ്ച രാവിലെ ആറിന് കുർബാന. തുടർന്ന് കോവിഡ് പ്രോട്ടോക്കോള് അനുസരിച്ച് പൊതുദര്ശനത്തിന് അരമന കോമ്പൗണ്ടിലെ പന്തലിലേക്ക് മാറ്റും. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമീസിന്റെ മുഖ്യകാർമികത്വത്തിലാകും സംസ്കാര ചടങ്ങ്.’
കാതോലിക്കാ ബാവായ്ക്ക്
അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിന് വച്ച പരുമല പള്ളിയിൽ തിങ്കളാഴ്ച പകൽ 11. 30 ഓടെയാണ് മുഖ്യമന്ത്രി അന്തിമോപചാരമർപ്പിച്ചത്.
തിരുമേനിയുമായി അടുത്ത ആത്മബന്ധമാണ് പുലർത്തിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കണം എന്നതാണ് തിരുമേനി എന്നും മുന്നോട്ടുവച്ചിരുന്ന ആവശ്യം. ജനങ്ങൾക്ക് നന്മ ചെയ്യാൻ ഇനിയും ഏറെക്കാലം ജീവിക്കേണ്ട മഹത് വ്യക്തിയായിരുന്നു. നാടിന്റെ നന്മ എല്ലാഘട്ടത്തിലും ആഗ്രഹിച്ച തിരുമേനി ഋഷിതുല്യ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
മതനിരപേക്ഷ കേരളത്തിനായി
നിലകൊണ്ടു: കോടിയേരി
മതനിരപേക്ഷ കേരളത്തിനായി നിലകൊണ്ട വ്യക്തിത്വമായിരുന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മഹത് വ്യക്തിയെയാണ് നഷ്ടപ്പെട്ടത്. സഭയുടെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു–സന്ദേശത്തിൽ കോടിയേരി പറഞ്ഞു.
മനുഷ്യസ്നേഹത്തിന്റെ മാതൃക: ഗവർണർ
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ അനുശോചിച്ചു. ലാളിത്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മഹത്വ്യക്തിത്വം: എ വിജയരാഘവൻ
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ അനുശോചിച്ചു. ആത്മീയ നേതാവായിരിക്കുമ്പോഴും മതനിരപേക്ഷ മൂല്യങ്ങൾക്ക് വിലകൽപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു കാതോലിക്കാ ബാവായെന്നും വിജയരാഘവൻ അനുശോചന സന്ദേ ശത്തിൽ പറഞ്ഞു.
കണ്ണീരൊപ്പി :
സ്പീക്കർ
കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. അശരണരുടെ കണ്ണീരൊപ്പിയ അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സമത്വം ഉറപ്പാക്കി: സൂസപാക്യം
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷന്റെ നിര്യാണത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസപാക്യം അനുശോചിച്ചു. സഭാംഗങ്ങളിൽ സമത്വം ഉറപ്പാക്കുന്നതിനായി ബാവാ കൈക്കൊണ്ട ധീരമായ സമീപനങ്ങൾ എന്നും ഓർമിക്കപ്പെടും. സഭാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.