കൊച്ചി
നാടിനെതിരായ പ്രചാരവേല ലോകമെങ്ങുമെത്തിക്കാനാണ് കിറ്റെക്സ് എംഡിയുടെ ശ്രമമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗം വ്യക്തമാണ്. അത് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമർശങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ, നാടിനെ തകർക്കുന്ന വിമർശം തള്ളിക്കളയും. ഓരോരുത്തർ അവരുടെ നിലവാരമനുസരിച്ചാണ് പ്രതികരിക്കുന്നത്. നാടിന്റെ പ്രതിനിധികളായവർക്ക് ഇരിക്കുന്ന കസേരയ്ക്കും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിനും അനുസരിച്ചേ പ്രതികരിക്കാനാകൂ. ഇപ്പോൾ നടക്കുന്ന സംവാദം തുടരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അത് നാടിന് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.