നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ടാൻസാനിയൻ സ്വദേശിയിൽനിന്ന് 4.64 കിലോ ഹെറോയിൻ പിടികൂടി. ടാൻസാനിയ സാൻസിബാറിൽനിന്ന് ദുബായ് വഴിയെത്തിയ അഷ്റഫ് സാഫിയെയാണ് (32) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 25 കോടിയോളം രൂപ വിലവരും. തിങ്കളാഴ്ച പുലർച്ചെ 2.47ന് എമിറേറ്റ്സ് എയർലൈൻസിന്റെ ഇകെ 532 വിമാനത്തിലെത്തിയ അഷ്റഫിന്റെ ട്രോളി ബാഗിന്റെ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ.
യാത്രാരേഖ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് ഡിആർഐ സംഘം പരിശോധിച്ചത്. ഡൽഹിയിലെ മാഫിയ സംഘത്തിന് കൈമാറാനാണ് ഹെറോയിൻ കൊണ്ടുവന്നതെന്ന് ഇയാൾ പറഞ്ഞു. കൊച്ചിയിൽനിന്ന് ഡൽഹിക്ക് ട്രെയിനിൽ പോകാനായിരുന്നു പദ്ധതി. രാജ്യാന്തര ലഹരിമാഫിയയുടെ കൊച്ചി ബന്ധം അന്വേഷിക്കുമെന്ന് ഡിആർഐ അറിയിച്ചു. കഴിഞ്ഞ മാസം കോടികളുടെ ഹെറോയിനുമായി സിംബാബ്വെ സ്വദേശിനി പിടിയിലായിരുന്നു. അന്ന് കസ്റ്റംസ് വീഴ്ചയെത്തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടിച്ചത്.