വെംബ്ലി
പതിനായിരങ്ങളായിരുന്നു ഇംഗ്ലണ്ടിനായി ആർപ്പുവിളിച്ചത്. ആ രൗദ്രതാളം ഇറ്റലി നിശബ്ദമാക്കി. പിന്നിൽനിന്ന് പൊരുതിക്കയറി, ഷൂട്ടൗട്ട് ഭാഗ്യവേദിയും കടന്ന് യൂറോ കിരീടം ഇറ്റലിയെ തൊട്ടു. കിരീടം മാത്രമല്ല, ഇതൊരു വീണ്ടെടുപ്പാണ് ഇറ്റലിക്ക്. കോവിഡ് മഹാമാരിയിൽ സർവം തുലഞ്ഞ ജനതയ്ക്ക് കിട്ടിയ അപൂർവ വാക്സിൻ. 2017 നവംബർ 13ന് ഇറ്റലിയിലെ പ്രശസ്ത പത്രമായ ഗസെറ്റ ഡെല്ലാ സ്പോർട്ടിന്റെ പിങ്കുനിറമുള്ള പേജിൽ ഒരു വാചകം കുറിച്ചു. ‘ഇത് അവസാനം’. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വീഡനോട് ഗോളടിക്കാൻ കഴിയാതെ പുറത്തായ ദിനം. ഗോൾ കീപ്പർ ജിയാൻല്യൂജി ബുഫ-ണിന്റെ കരയുന്ന ചിത്രമായിരുന്നു ഇറ്റാലിയൻ പത്രങ്ങളിൽ മുഴുവൻ. 2018 ലോകകപ്പിൽ കാഴ്ചക്കാരായിരുന്നു അവർ. ദേശീയ ദുരന്തത്തേക്കാൾ വലിയ ആഘാതം. താളമില്ലാതെ കളത്തിൽ അലഞ്ഞുനടന്ന ആൾക്കൂട്ടമായി ഇറ്റലി. ജനങ്ങൾ അവരെ കൂകിവിളിച്ചു. പരിശീലകൻ ജിയാംപീറോ വെഞ്ചുറയെ വെറുപ്പിൽ മുക്കി.
പുതിയ പരിശീലകനായി കാർലോ ആൻസലോട്ടിയെ ആദ്യം നിശ്ചയിച്ചു. വഴി തുറന്നത് പക്ഷേ, റോബർട്ടോ മാൻസീനിക്കായിരുന്നു. ഗസെറ്റ ഡെല്ലോ സ്പോർട്ടിന്റെ വാർത്തയ്ക്കുതാഴെ ഒരാൾ കുറിച്ചു. ‘ ഇയാളുണ്ടായാൽ ഇറ്റലി യൂറോയ്ക്ക് യോഗ്യതപോലും നേടാൻ പോകുന്നില്ല’.മൂന്ന് വർഷത്തിനിപ്പുറം യൂറോ പ്രവേശം മാത്രമല്ല, കപ്പുമായാണ് മാൻസീനി ഇറങ്ങിയത്.യൂറോയിലെ ഏറ്റവും മികച്ച സംഘം. പത്രങ്ങളും പണ്ഡിതൻമാരും മുൻതാരങ്ങളും ഇറ്റലിയുടെ കളിയഴകിൽ മതിമറന്നു. മാൻസീനി മായാജാലമെന്ന് മന്ത്രിച്ചു. കളിയുടെ സൗന്ദര്യം ആ രാജ്യത്തെ ഒറ്റ വികാരത്തിൽ ഒന്നിപ്പിച്ചു.
രണ്ട് വഴികളായിരുന്നു മാൻസീനിക്ക്. പരമ്പരാഗത ശൈലി പിന്തുടരുക, അല്ലെങ്കിൽ ആനന്ദിപ്പിക്കുക. പുതിയ ഒരുകൂട്ടം ചെറുപ്പക്കാരുമായി മാൻസീനി ആനന്ദിപ്പിക്കാനാണ് തീരുമാനിച്ചത്. 1988ലെ ഇറ്റാലിയൻ ടീമിന്റെ ഭാഗമായിരുന്നു മാൻസീനി. അന്നത്തെ പരിശീലകൻ അസെഗ്ലിയോ വിസിനിയുടെ രീതിയെ പകർത്തി. ടീമിൽ യുവത്വം നിറച്ചു.
കളിക്കാർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി. സാഹോദര്യമായിരുന്നു അടിസ്ഥാനം. ‘ഇറ്റാലിയൻ സഹോദരങ്ങളേ, ഒരു പതാകയേന്തൂ, ഒരു ലക്ഷ്യം നമ്മളെ ഒന്നിപ്പിക്കട്ടെ’. ഓരോ മത്സരത്തിനുമുമ്പും ആ ഗാനത്തിന്റെ ഈരടികൾ ജോർജിയോ കില്ലെനിയും സംഘവും പാടി. ഒരു പന്ത് അവരെ ഒന്നിപ്പിച്ചു. ഒരു ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം. മാനസികമായും സാമ്പത്തികമായും തകർന്ന ഒരു ജനതയിലേക്കാണ് മാൻസീനിയുടെ സംഘം പന്തുകൊണ്ട് ആനന്ദം നിറച്ചത്.
സ്നേഹത്തിന്റെ രാജ്യമാണ് ഇറ്റലി. മാൻസീനി ഒരു ദിവസം 10 തവണ അമ്മയെ ഫോൺ ചെയ്യും. ഓരോതവണയും അമ്മ, കോറിയെറെ ഡെല്ല സാറ ചോദിക്കും എന്തിനാണെന്ന്. വെറുതെ, നിങ്ങളുടെ ശബ്ദം കേൾക്കാനെന്ന് മാൻസീനി മറുപടി നൽകും.സെന്റർ ബാക്ക് ഫ്രാൻസെസ്കോ അകെർബി രണ്ടുതവണ അർബുദത്തെ അതിജീവിച്ചതാണ്. ടീം ബസിൽ അകെർബിക്കാണ് ആദ്യ സ്ഥാനം.
പ്രീ ക്വാർട്ടറിനിടെ പരിക്കേറ്റ് മടങ്ങിയ സ്പിനസോളയുടെ അമ്മ മകനോട് വേഗം വീട്ടിലേക്ക് വരാനാണ് പറഞ്ഞത്. സെമിക്കുശേഷം ലോറെൻസോ ഇൻസിന്യെ ഓടിയെത്തിയത് സ്പിനയുടെ ജേഴ്സിക്കുവേണ്ടിയായിരുന്നു. സ്പിനയുടെ പേരിൽ അവർ പാടി. ജയം സമർപ്പിച്ചു. പരിശീലക കൂട്ടത്തിൽ മാൻസീനിയുടെ ഹൃദയമാണ് സഹപരിശീലകൻ ജിയാൻലൂക വിയാല്ലി. 1990കളിൽ സാമ്പ്ദോറിയയിൽ ഒന്നിച്ചുകളിക്കുമ്പോൾ സഹോദരൻമാരെപ്പോലെയായിരുന്നു. അർബുദമായിരുന്നു വിയാല്ലിക്ക്. ഇംഗ്ലണ്ടിന്റെ യാന്ത്രികതയെ ഈ കൂട്ടായ്മകൊണ്ടാണ് ഇറ്റലി കീഴടക്കിയത്. ‘ദൈവം, കുടുംബം, ഫുട്ബോൾ’–- വെംബ്ലിയിൽ ഒരു ഇറ്റാലിയൻ ആരാധകൻ ബാനറിൽ കുറിച്ചു.
റോം ഇനി ഉറങ്ങില്ല