ചെന്നൈ
കൊങ്കുനാട് രൂപീകരണത്തിന് സംഘപരിവാർ ചുക്കാൻ പിടിക്കുന്നത് ‘തമിഴ് ദേശീയത’ തകർക്കാൻ. ‘തമിഴ്’ ഒരു വികാരമായ ജനതയെ അത്രയെളുപ്പം സംഘപരിവാർ ആശയങ്ങൾക്ക് അടിമപ്പെടുത്താനാകില്ല. ഇത് മുന്നിൽകണ്ട് ഗോൾവാൾക്കറുടെ വിഘടന ആശയത്തിലൂന്നി തമിഴ്നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ നടത്തുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റിൽ 38ഉം പുരോഗമന സഖ്യം നേടിയത് സംഘപരിവാറിന് തിരിച്ചടിയായി. തമിഴകത്തെ തകർക്കാനുള്ള ഗൂഢാലോചനയ്ക്ക് ഇതോടെയാണ് തുടക്കമിട്ടത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. തിരുവള്ളുവർ, പെരിയാർ എന്നിവരെ അപമാനിക്കാൻ ശ്രമിച്ചു. ‘മുരുക’ന്റെ പേരിൽ മുരുകവേൽ യാത്ര നടത്തി. അതെല്ലാം ചീറ്റിപ്പോയി. എൽ മുരുകനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതുവഴി സംസ്ഥാനത്ത് വേരോട്ടം ലഭിക്കുമെന്ന് കരുതിയതും തെറ്റി. നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതിമയ്യത്തിന്റെ സാന്നിധ്യം വോട്ട് വിഭജിപ്പിച്ചതുവഴി, എഐഎഡിഎംകെ പിന്തുണയിൽ ബിജെപിക്ക് പടിഞ്ഞാറൻ തമിഴ്നാട്ടിൽ നാലു സീറ്റ് ലഭിച്ചു. അതോടെയാണ് അവിടത്തെ എംഎൽഎമാരെ മുൻനിർത്തി സംഘപരിവാർ നേതാക്കൾ ‘കൊങ്കുനാടി’ ന് തുനിഞ്ഞിറങ്ങിയത്.
സംസ്ഥാനത്തെ വെട്ടിമുറിക്കുമെന്ന് ആർഎസ്എസ് അനുകൂല ‘ദിനമലർ’ വാർത്തയെഴുതിയതോടെ തമിഴർ ഒന്നാകെ എതിർപ്പുമായി രംഗത്തിറങ്ങി. ഡിഎംകെ, സിപിഐ എം, എംഡിഎംകെ, കോൺഗ്രസ് തുടങ്ങി മുഴുവൻ പാർടിയും എതിർപ്പുയർത്തി. സംഘപരിവാർ നീക്കം വൻ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശനും ടിഎൻസിസി പ്രസിഡന്റ് കെ എസ് അളഗിരിയും പറഞ്ഞു. കനിമൊഴി എംപിയും പ്രതികരണവുമായി രംഗത്തെത്തി.
പ്രകോപനമായി ഒൻട്രിയ അരശ്
ഡിഎംകെ അധികാരത്തിൽ വന്നശേഷം നരേന്ദ്ര മോഡി സർക്കാരിനെ ‘കേന്ദ്രസർക്കാർ’ എന്നു പറയുന്നില്ല. യൂണിയൻ ഗവൺമെന്റ് എന്നാണ്(ഒൻട്രിയ അരശ്) പറയുന്നത്. നിയമസഭാ സമ്മേളനത്തിൽ ‘ജയ്ഹിന്ദ്’ വിളിക്കാതെ ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. ഇതെല്ലാം കേന്ദ്രത്തിനെതിരായ നീക്കമെന്നാണ് സംഘപരിവാർ പ്രചാരണം.
എന്നാൽ, യൂണിയൻ ഗവൺമെന്റ് എന്നു പറഞ്ഞാൽ വിവിധ സംസ്ഥാനങ്ങളുടെ കൂട്ടമാണെന്നും ഇതിൽ ഫെഡറലിസം ഉണ്ടെന്നും ഡിഎംകെ തിരിച്ചടിച്ചു. കേന്ദ്രത്തിന്റെ അടിമപ്പണി ചെയ്യാൻ കിട്ടില്ലെന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനവും തമിഴ്നാട് വിഭജനത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കത്തിന് പിന്നിലുണ്ട്.