ന്യൂഡൽഹി
കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഢിലും മുഖ്യമന്ത്രിക്കെതിരെ പാളയത്തിൽപ്പട. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുനൽകാമെന്ന് 2018ൽ ഭൂപേഷ് ബഘേൽ നൽകിയ വാഗ്ദാനം ഓർമിപ്പിച്ച് ആരോഗ്യമന്ത്രി ടി എസ് സിങ് ദേവ് രംഗത്തെത്തി. ഇരുനേതാക്കളും ഡൽഹിയിൽ തങ്ങി ഹൈക്കമാൻഡ് പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്. രാജസ്ഥാൻ–- പഞ്ചാബ് മുഖ്യമന്ത്രിമാർക്കെതിരായ വിമതനീക്കം പരിഹരിക്കാൻ കഴിയാതെ കുഴങ്ങുന്ന ഹൈക്കമാൻഡിന് ഛത്തീസ്ഗഢിലെ കലാപനീക്കവും കടുത്ത പരീക്ഷണമായി. സർക്കാർ കാലാവധിയിൽ പകുതി പിന്നിട്ടതിനാൽ ഒഴിയണമെന്നതിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ബഘേൽ പറഞ്ഞു.
സഖ്യകക്ഷി സർക്കാരുകളിലാണ് ഇത്തരം പതിവുകൾ. കോൺഗ്രസിന് നാലിൽമൂന്ന് ഭൂരിപക്ഷം ലഭിച്ച ഛത്തീസ്ഗഢിൽ ഇതിന്റെ ആവശ്യമില്ല. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടത്. ഹൈക്കമാൻഡ് മറ്റാരുടെയെങ്കിലും പേര് പറഞ്ഞാൽ അപ്പോൾ മാറും–എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ടശേഷം ബഘേൽ വിശദീകരിച്ചു. ജൂൺ പതിനേഴിനാണ് ബഘേൽ സർക്കാർ രണ്ടരവർഷം തികച്ചത്. പല വിഷയത്തിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സ്വകാര്യആശുപത്രികൾക്ക് ധനസഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിങ് ദേവ് പരസ്യമായി വിമർശിച്ചു.പണംവാങ്ങി ചികിത്സിക്കുന്ന സ്വകാര്യമേഖലയെ എന്തിനാണ് സർക്കാർ സഹായിക്കുന്നതെന്ന് സിങ് ദേവ് ചോദിച്ചു.