കൊച്ചി
ശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളുടെ വികാസത്തിനനുസരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ കാലികമാകണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സമൂഹത്തിന്റെയും വ്യവസായത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് കോഴ്സുകൾ പുതുക്കണം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, വ്യവസായസ്ഥാപനങ്ങൾക്ക് പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കാനാകണം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗവേഷണ നൈപുണ്യം വ്യവസായങ്ങൾക്ക് പ്രയോജനപ്പെടണം. കൊറോണ വൈറസ് പടർന്നപ്പോൾ ലോകം പ്രതീക്ഷയോടെ നോക്കിയത് ഓക്സ്ഫോർഡ് സർവകലാശാലയെയാണ്. അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള സർവകലാശാലകൾ കേരളത്തിലുമുണ്ടാകണം.
വിജ്ഞാനധിഷ്ഠിത സമൂഹത്തിലേക്കുള്ള പ്രയാണത്തിൽ കുസാറ്റിന് ക്രിയാത്മകമായ സംഭാവന നൽകാനാകും. ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ രൂപീകരണഘട്ടത്തിലുള്ള ലക്ഷ്യം സാക്ഷാത്കരിക്കാനായിട്ടുണ്ടോയെന്ന് വിലയിരുത്തണം. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിക്കണം. കാലത്തിനനുസൃതമായി കോഴ്സുകളും ലക്ഷ്യവും പുതുക്കാനാകണം. ഇതിന് ഈ രംഗത്തെ വിദ്ഗധരുടെ സഹായം തേടാം. പൂർവവിദ്യാർഥികളുടെ ആരോഗ്യകരമായ പിന്തുണയും ആവശ്യമാണ്–-മന്ത്രി പറഞ്ഞു.