കളമശേരി
മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. എ എം അബൂബക്കർ കൈതപ്പാടനാണ് വാർത്താസമ്മേളനത്തിൽ തീരുമാനമറിയിച്ചത്. കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിന്റെ രാഷ്ട്രീയ നിലപാടിൽ വലിയ മാറ്റമുണ്ടായതായി അദ്ദേഹം പറഞ്ഞു. ലീഗിന് സ്വാധീനമുണ്ടായിരുന്നിടത്ത് ഇടതുപക്ഷത്തിന് വോട്ടുകൂടിയത് ഇതിന്റെ തെളിവാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ജീവിക്കണമെങ്കിൽ സിപിഐ എമ്മിന് കരുത്തുണ്ടാകണമെന്ന തിരിച്ചറിവാണ് ലീഗിന്റെ വോട്ടുചോർച്ചയ്ക്ക് കാരണം. വരുംദിവസങ്ങളിൽ ലീഗിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എംഇഎസ് വൈസ് പ്രസിഡന്റും എംജി സർവകലാശാല സെനറ്റ് അംഗവുമാണ് അബൂബക്കർ കൈതപ്പാടൻ. ജയ്ഭാരത് ഗ്രൂപ്പ് സെക്രട്ടറിയും വിവിധ കെഎംഎം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമാണ്.
ലീഗ് ജില്ലാ ഭാരവാഹിയും മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. ലീഗ് പ്രവർത്തകരായ അലി ഇഞ്ചിപ്പറമ്പ്, ജബ്ബാർ കുടിയിരിക്കൽ എന്നിവരും ലീഗ് വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി ഓഫീസിൽ ഉവർക്ക് സ്വീകരണം നൽകി.