സ്ത്രീകൾക്കെതിരായ പരാതികളിൽ ഉടൻ നടപടി സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സ്ത്രീകളുടെ പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നേരിട്ട് കേൾക്കണം, പരാതി നൽകുന്നവർക്കെല്ലാം രശീതി നൽകണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read :
സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പോലീസുകാർ ഇടപെടുന്നത് നിയന്ത്രിക്കണം. സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാൻ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുത്. പോലീസുകാർ മനുഷ്യാവകാശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. കസ്റ്റഡിയിലെടുക്കുന്നവർ മദ്യമോ ലഹരിവസ്തുക്കളോ ഉയോഗിച്ചിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യപരിശോധന നടത്തണം തുടങ്ങിയ നിർദേശങ്ങളും ഡിജിപി നൽകിയിട്ടുണ്ട്.
പോലീസ് സ്‌ക്വാഡ്, ഷാഡോ പോലീസ് എന്നിവര്‍ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍റെയും സാന്നിധ്യം ആവശ്യമാണ്. നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം ഇന്‍സ്‌പെക്ഷന്‍ മെമ്മോയില്‍ രേഖപ്പെടുത്തണം. വൈദ്യപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കണം. കേസ് രജിസ്റ്റര്‍ ചെയ്താലും ഇല്ലെങ്കിലും ഇന്‍സ്‌പെക്ഷന്‍ മെമ്മോ തയ്യാറാക്കുന്നത് ശീലമാക്കണമെന്നും ഡിജിപി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലുണ്ട്.