മണ്ണാർക്കാട്> തിരുവിഴാംകുന്ന് അമ്പലപ്പാറ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. സമീപത്തുനിന്ന് വിഷം കഴിച്ച് അവശനിലയിൽ സുഹൃത്തിനെയും കണ്ടെത്തി. തിരുവിഴാംകുന്ന് ഇരട്ടവാരി പറമ്പൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ സജീർ (ഫക്രുദ്ദീൻ–- -26) ആണ് മരിച്ചത്. സുഹൃത്ത് പുത്തൻവീട്ടിൽ മഹേഷി (36)നെയാണ് അവശനിലയിൽ ഇതേ വാഴത്തോട്ടത്തിൽനിന്ന് കണ്ടെത്തിയത്. സമീപത്തുനിന്ന് തോക്കും ലഭിച്ചു.
മഹേഷ് പാട്ടത്തിന് നടത്തുന്ന വാഴത്തോട്ടത്തിലെ ഷെഡിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം വെടിവയ്പ്പിൽ കലാശിച്ചതായാണ് പ്രാഥമിക നിഗമനം. സുഹൃത്തിനുനേരെ വെടിയുതിര്‍ത്തശേഷം താന്‍ വിഷം കഴിച്ചു എന്ന് മഹേഷ് സമീപത്തെ തോട്ടം ഉടമ സാദിഖിനെ ഫോണിലൂടെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. വിഷം കഴിച്ച് അവശനിലയിലായ മഹേഷിനെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടർന്ന്, തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സജീറും മഹേഷും നിരവധി ക്രിമിനല്‍ കേസിൽ പ്രതികളാണ്. മഹേഷ് നാട്ടുകൽ സ്റ്റേഷനിലെ പിടിച്ചുപറി കേസിലും സജീർ അഗളി സ്റ്റേഷനിലെ കഞ്ചാവുകേസിലും പ്രതിയാണ്. എസ് പി വിശ്വനാഥ്, ഡിവൈഎസ്പിമാരായ സുനിൽകുമാർ, ദേവസ്യ ആലത്തൂർ, മണ്ണാർക്കാട് സിഐ പി അജിത്കുമാർ, ഫോറൻസിക്–-ഡോഗ് സ്ക്വാഡുകൾ എന്നിവര്‍ സ്ഥലം പരിശോധിച്ചു.