തിരുവനന്തപുരം> എല്ലാ പനിബാധിതരിലും സിക പരിശോധന വേണമെന്ന് കേന്ദ്രസംഘം സംസ്ഥാനആരോഗ്യ വകുപ്പിന് നിർദേശം നൽകി. പനി ബാധിച്ച് ആശുപത്രിയിലെത്തുമ്പോൾ കോവിഡ് പരിശോധനമാത്രം നടത്തി ചികിത്സിക്കരുത്. സിക വൈറസ് ലക്ഷണങ്ങൾ കൂടി പരിശോധിക്കണം. ആവശ്യമെങ്കിൽ ലാബ് പരിശോധന വേഗത്തിൽ നടത്തണമെന്നും സംഘം നിർദേശം നൽകി. കേരളത്തിലെ പ്രതിരോധ നടപടികളിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. എന്നാൽ, രോഗബാധിത പ്രദേശങ്ങളോട് ചേർന്നുള്ള ചില നിർമാണസ്ഥലങ്ങളിൽ വെള്ളക്കെട്ടും കൊതുകുകളുടെ സാന്നിധ്യവുമുള്ളതിനാൽ അടിയന്തര കൊതുക് നിർമാർജനത്തിന് നിർദേശം നൽകി.
സംസ്ഥാനത്തെ സിക സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനും തലസ്ഥാന ജില്ലയിലുൾപ്പെടെ കേരളം സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികൾ വിലയിരുത്താനുമെത്തിയ പൊതുജനാരോഗ്യ വിഭാഗം റീജ്യണൽ ഡയറക്ടർ ഡോ. രുചി ജെയിന്റെ നേതൃത്വത്തിലെ അഞ്ചംഗ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി ആർ രാജുവുമായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എസ് ഷിനുവുമായും ചർച്ച നടത്തി. പ്രതിരോധത്തിന് ആക്ഷൻപ്ലാൻ തയ്യാറാക്കുമെന്നും ഗർഭിണികളിലെ സിക ബാധ പെട്ടെന്ന് കണ്ടെത്താൻ നടപടികൾ സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.
കേന്ദ്രസംഘം രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കൊതുകുകളുടെ ലാർവകൾ ശേഖരിച്ചു. രണ്ട് ദിവസം കൂടി കേരളത്തിൽ തുടരുന്നസംഘം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻഐവി യൂണിറ്റ് എന്നിവിടങ്ങളും സന്ദർശിക്കും.