റിയോ
അർജന്റീനയുടെ അവസാന മൂന്ന് ഫൈനലുകളിലും ബെഞ്ചിൽ കാഴ്ചക്കാരനായിരുന്നു ഏയ്ഞ്ചൽ ഡി മരിയ. 2014 ലോകകപ്പ്, 2015, 2016 കോപ കിരീടപോരാട്ടങ്ങളിൽ പരിക്ക് തളർത്തി. വിങ്ങറെ ടീമിൽ ഉൾപ്പെടുത്തിയതിന് ആരാധകരും നിരീക്ഷകരുമെല്ലാം എതിരായിരുന്നു. ഒടുവിൽ 28 വർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതിയിട്ടുള്ള ചരിത്രഗോളിന് ഉടമയായി ഡി മരിയ പ്രത്യുപകാരം ചെയ്തു.
കളിയുടെ 22–-ാംമിനിറ്റിലായിരുന്നു ഡി മരിയയുടെ വിജയഗോൾ വന്നത്. പിൻനിരയിൽനിന്ന് റോഡ്രിഗോ ഡി പോൾ പന്ത് നീട്ടിനൽകി. പ്രതിരോധിക്കാനുള്ള ബ്രസീലുകാരൻ റെനാൻ ലോധിയുടെ ശ്രമം പാളി. ഡി മരിയയിലേക്ക്. പിൻകാൽകൊണ്ട് പന്ത് മുന്നോട്ടെടുത്ത അർജന്റീനൻ മുന്നേറ്റക്കാരൻ ബോക്സിനുള്ളിൽനിന്ന് പന്ത് ഇടംബൂട്ടിനാൽ വലയിലേക്കയച്ചു. മുന്നോട്ടോടിയെത്തിയ ഗോളി എഡേഴ്സണിന്റെ തലയ്ക്കുമുകളിലൂടെ പന്ത് പറന്നു.